നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ കണക്ക് കൂട്ടലുകള്‍ പൂർണമായി തെറ്റി.
പാർട്ടിക്ക് 13 സീറ്റില്‍ത്തന്നെ മത്സരിക്കാനാകുമെന്ന പ്രതീക്ഷകള്‍ ഇതോടെ അവസാനിച്ചു. കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി അല്ലെങ്കില്‍ പേരാമ്ബ്ര സീറ്റ് ഇത്തവണ ജോസ് കെ മാണിക്കും സംഘത്തിനും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ ഈ മണ്ഡലങ്ങളില്‍ സിപിഎം അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി സീറ്റില്‍ ഇത്തവണയും കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററും പേരാമ്ബ്രയില്‍ ടിപി രാമകൃഷ്ണനുമാണ് മത്സരിക്കുക. കുറ്റ്യാടി തരാൻ സാധിക്കില്ലെങ്കില്‍ പേരാമ്ബ്ര ലഭിക്കുമെന്നായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതീക്ഷ. ഇത് ലഭിക്കാതെ വന്നതോടെ ജില്ലാ നേതൃത്വം വലിയ നിരാശയിലാണ്.
13 സീറ്റായിരുന്നു ജോസ് വിഭാഗത്തിന് എല്‍ഡിഎഫ് കഴിഞ്ഞ തവണ വാഗ്ദാനം ചെയ്തത്. അതില്‍ ഒന്ന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സീറ്റ് ആയിരുന്നു. ഇവിടെ മുഹമ്മദ് ഇഖ്ബാലിനെ സ്ഥാനാർഥിയാക്കാൻ കേരള കോണ്‍ഗ്രസ് എം ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ സീറ്റ് വിട്ടു നല്‍കാനുള്ള തീരുമാനത്തിനെതിരെ സിപിഎം അണികള്‍ വലിയ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പിന്നീട് നടന്ന ചർച്ചകള്‍ക്കൊടുവില്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റ് വിട്ടുകൊടുക്കാൻ കേരള കോണ്‍ഗ്രസ് എം തീരുമാനിക്കുക ആയിരുന്നു.