ദുബൈ: കുവൈത്തിന്റെ വലിയ എണ്ണക്കപ്പലുകളിൽ ഒന്നായ അൽ സാൽമിക്ക് നേരെ ദുബൈയിൽ ഇറാന്റെ ഡ്രോൺ ആക്രമണം. ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പൽ ഇറാൻ ആക്രമിച്ചതായി കുവൈത്ത് പെട്രോളിയം കോർപറേഷൻ സ്ഥിരീകരിച്ചു.
കപ്പലിൽ 24 ജീവനക്കാരാണ് ഉള്ളത്. ഇവർ സുരക്ഷിതരാണെന്നു കോർപറേഷൻ വ്യക്തമാക്കി.
ആക്രമണത്തിൽ കപ്പലിൽ തീപിടിത്തമുണ്ടായി. കപ്പലിനു കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രാദേശിക സമയം പുലർച്ചെ 12.10ഓടെയാണ് ആക്രമണമുണ്ടായത്.
ആക്രമണം നടക്കുമ്പോൾ കപ്പലിൽ നിറയെ അസംസ്‌കൃത എണ്ണ ശേഖരമുണ്ടായിരുന്നു. എണ്ണച്ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നു അധികൃതർ മുന്നറിയിപ്പ് നൽകി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം തുടർച്ചയായി എണ്ണ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം തുടരുകയാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ് അൽ സാൽമിക്ക് നേരെയുള്ള ആക്രമണം.
