ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു

 


തിരുവനന്തപുരം: പ്രമുഖ ചരിത്രകാരൻ കെ എൻ.പണിക്കർ (90) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ, കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷൻ, ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആദ്യ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ചരിത്രകാരൻ, ധൈഷണികൻ, മതനിരപേക്ഷതയുടെ കാവൽക്കാരൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് കെ എൻ പണിക്കർ.



ചാവക്കാട് ബോർഡ് ഹൈസ്‌കൂളിൽ സെക്കൻഡറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളജിൽ ബിരുദ വിദ്യാഭ്യാസവും രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും കരസ്ഥമാക്കി. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.


നിരവധി ചരിത്രഗന്ഥനങ്ങൾക്ക് പുറമെ 'കലുഷിതമായ കാലം' എന്ന പേരിൽ ആത്മകഥയും പുറത്തിറക്കിയിരുന്നു. എഗൈൻസ്റ്റ് ലോർഡ് അൻഡ് സ്റ്റേറ്റ്‌സ്: റിലിജിയൻ ആൻഡ് പെസന്റെ അപ്റൈസിങ് ഇൻ മലബാർ, കൾച്ചർ ആൻഡ് കോൺഷ്യസ്നസ് ഇൻ മോഡേൺ ഇന്ത്യ, ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ, കൾച്ചർ -ഐഡിയോളജി ആൻഡ് ഹെജിമണി: ഇന്റലക്ച്വൽസ് ആൻഡ് സോഷ്യൽ കോൺഷ്യസ്‌നെസ്സ് ഇൻ കൊളോണിയൽ ഇന്ത്യ, കമ്മ്യൂണൽ ത്രെട്ട്, സെക്കുലർ ചലഞ്ച്, കണ്ടമ്പററി ഇന്ത്യ: കൾച്ചർ ആൻഡ് പൊളിറ്റിക്‌സ്, ഇന്റെറോഗെറ്റിങ്ങ് കൊളോണിയൽ മോഡേണിറ്റി എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങൾ. 'ചരിത്രമെന്ന പോർക്കളം' എന്ന പേരിൽ പണിക്കരെ കുറിച്ചുള്ള പുസ്തകം 2019ൽ പുറത്തിറങ്ങി.


ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും മകനാണ്. രാജസ്ഥാനിൻ സ്വദേശിനിയും സഹപാഠിയുമായിരുന്ന പരതേയായ ഉഷയാണ് ഭാര്യ. മക്കൾ : രാഗിണി, ശാലിനി. മരുമക്കൾ : പീതാംബർ, ആർ വി രാമൻ.

Previous Post Next Post