സിപിഐ വിട്ട സി.സി.മുകുന്ദൻ എംഎൽഎ ബിജെപിയിലേക്ക്

 


തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ വിട്ട് നാട്ടിക മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന സി സി മുകുന്ദനെ പിന്തുണയ്‌ക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. നാട്ടികയിൽ സുനിൽ ലാലൂരിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാനാണ് ധാരണ. കോൺഗ്രസ് പിന്തുണ തേടി സിസി മുകുന്ദൻ ഡൽഹിയിൽ പോയി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇടതു വോട്ടുകൾ സി സി മുകുന്ദൻ പിടിച്ചാൽ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ.


സിറ്റിങ്ങ് എംഎൽഎയായിരുന്ന സി സി മുകുന്ദനെ തഴഞ്ഞ് ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതാണ് പ്രശ്‌നങ്ങൾക്ക് അടിസ്ഥാനം. നാട്ടികയിൽ സിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് 'പേയ്മെന്റ് സീറ്റ്' ആണെന്ന ആരോപണത്തിന് പിന്നാലെയാണ് സി സി മുകുന്ദനെ പുറത്താക്കിയത്. പിന്നാലെ നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.


കോൺഗ്രസ് കൈവിട്ട സി സി മുകുന്ദനെ കൂടെ കൂട്ടാൻ ബിജെപി തീരുമാനിച്ചു. അടുത്തിടെ പാർട്ടിയിൽ ചേർന്ന, സിപിഐ മുൻ നേതാവും വൈക്കം മുൻ എംഎൽഎയുമായ കെ അജിത് ആണ് മുകുന്ദനെ ബിജെപി പാളയത്തിൽ എത്തിക്കാൻ ശ്രമം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് മുകുന്ദൻ ബിജെപി ഓഫീസിലെത്തി പാർട്ടി അംഗത്വം സ്വീകരിക്കും. നാട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയായി മുകുന്ദൻ മത്സരിക്കുമെന്നാണ് സൂചന.


ആംആദ്മി പാർട്ടി നേതാക്കളും മുകുന്ദനുമായി ചർച്ച നടത്തിയിരുന്നു. ബിജെപിയുടെ വോട്ടുകൾക്ക് പുറമെ, നിലവിലെ എംഎൽഎയായിരുന്ന സ്വാധീനത്തിൽ മുകുന്ദൻ നേടുന്ന വോട്ടുകളും തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. പട്ടികജാതി സംവരണമണ്ഡലമായ നാട്ടിക, ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്.

Previous Post Next Post