സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശൻ

 


ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങൾ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാനാകില്ല. ജനങ്ങൾ തെരഞ്ഞെടുത്ത് പാർലമെന്റിൽ എത്തിയവർ അസംബ്ലിയിലേക്ക് മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി കേന്ദ്രനേതൃത്വമാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയാൻ പ്രാപ്തനായ ആളല്ല താനെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.


കോൺഗ്രസിന്റെ എല്ലാ സ്ഥാനാർത്ഥികളെയും ഇന്നു തന്നെ തീരുമാനമെടുക്കും. വളരെ സ്മൂത്തായാണ് ചർച്ചകൾ നടക്കുന്നത്. ഞങ്ങളുടെ ഇടയിലുള്ള തർക്കം കൊണ്ടൊന്നുമല്ല സ്ഥാനാർത്ഥി പട്ടിക വൈകിയതെന്ന് മാധ്യമങ്ങൾക്ക് അറിയാം. ഒരുകാലത്തും നടക്കാത്ത തരത്തിലുള്ള കലാപമാണ് കേരളത്തിലെ സിപിഎമ്മിൽ നടക്കുന്നത്. എന്നിട്ടാണ് മൈക്രോസ്‌കോപ്പിക് ലെൻസുമായി ചിലർ കോൺഗ്രസിനെ നോക്കി നടക്കുകയാണ്. ഇല്ലാത്ത കാര്യങ്ങൾ ആകാശത്തു നിന്നും പടച്ചുണ്ടാക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.


കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. പോക്കറ്റിൽ നിന്നും കടലാസെടുത്ത് ഇതാണ് സ്ഥാനാർത്ഥി എന്നു പ്രഖ്യാപിക്കുന്ന പാർട്ടിയല്ല ഇത്. വിഡി സതീശനോ, കെപിസിസി പ്രസിഡന്റോ വന്നിരുന്ന് ഇതാണ് സ്ഥാനാർത്ഥി എഴുതിയെടുത്തോ എന്നു പറയുന്ന പാർട്ടിയല്ല കോൺഗ്രസ്. ഒരു സ്ഥാനാർത്ഥിയുടെ പേര് വന്നാൽ അതിന്റെ മെറിറ്റും ഡീ മെറിറ്റും ചർച്ച ചെയ്യും. അങ്ങനെ ഒരു സമന്വയത്തിലെത്തുകയാണ് ചെയ്യുന്നത്. അയാളുടെ ഭാര്യ ഇവിടെ, ഇയാളുടെ മകൻ അവിടെ എന്നൊക്കെ പറഞ്ഞ് പോക്കറ്റിൽ നിന്നും കടലാസെടുത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന പാർട്ടിയല്ല. കോൺഗ്രസിലെ ജനാധപത്യപ്രക്രിയയെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടതെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.


ഇത് ടീം യുഡിഎഫാണ്. സീറ്റു വിഭജന ചർച്ചയിൽ ഒരു അലോസരവും ഉണ്ടായിട്ടില്ല. ലീഗ് 5 സീറ്റ് കൂടുതൽ ചോദിക്കുമെന്നൊക്കെയായിരുന്നു ചിലർ വാർത്തകൾ എഴുതിയത്. എന്നാൽ ഒരു സീറ്റ് പോലും ലീഗ് കൂടുതലായി ചോദിച്ചിട്ടില്ല. ഒരു ഘടകകക്ഷി കോൺഗ്രസിന് രണ്ടു സീറ്റ് വിട്ടു നൽകുകയാണ് ചെയ്തത്. വൈക്കത്ത് സണ്ണി എം കപിക്കാടിന് സീറ്റ് നൽകാമെന്ന് ഉറപ്പു നൽകിയിരുന്നില്ല. അവരുടെ പത്ത് - അന്പത്തിമൂന്നു പേർ കൻറോൺമെൻറ് ഹൗസിൽ സംസാരിക്കാൻ വന്നു. അവർ സീറ്റ് ആവശ്യപ്പെട്ടു. അപ്പോൾ തന്നെ സീറ്റ് നൽകാമെന്നൊന്നും തനിക്ക് പറയാൻ പറ്റില്ലല്ലോ.


അക്കാര്യം പരിഗണിക്കാമെന്ന് അവരോട് പറഞ്ഞു. ഇക്കാര്യം പാർട്ടി നേതൃത്വവും മുന്നണി നേതൃത്വവുമായി ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നും പറഞ്ഞു. ഇക്കാര്യം പാർട്ടി നേതൃത്വത്തിൽ ചർച്ച ചെയ്തപ്പോൾ, അവിടെ പാർട്ടി സ്ഥാനാർത്ഥി മത്സരിക്കുന്നതാണ് നല്ലതെന്ന് വിലയിരുത്തി. ആ തീരുമാനം അദ്ദേഹത്തെ അറിയിച്ചു. അതാണുണ്ടായതെന്ന് വിഡി സതീശൻ വ്യക്തമാക്കി.

Previous Post Next Post