കൊച്ചി: മാർച്ച് 23ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു. പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണർ നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനമായതോടെയാണ് തീരുമാനം. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ആണ് സമരം മാറ്റിവച്ചത്.
20 ശതമാനം സിലിണ്ടറുകൾ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും കമ്മീഷണർ ഉറപ്പുനൽകി.
സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് സിലിണ്ടർ വിതരണത്തിന്റെ തോത് വർദ്ധിപ്പിക്കും. പൈപ്പ് ലൈൻ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളിൽ ഹോട്ടലുകൾക്ക് വേഗത്തിൽ കണക്ഷൻ നൽകും. എല്ലാ ജില്ലയിലും സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ കെ.എച്ച്.ആർ.എ പ്രതിനിധികളെ ഉൾപ്പെടുത്തി സിലിണ്ടർ വിതരണം ഏകോപിപ്പാക്കാനാണ് തീരുമാനം
