കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ നാമനിർദേശ പത്രികാസമർപ്പണത്തിൽ സർവത്ര നാടകീയത. എൻസിപി അജിത് പവാർ വിഭാഗം പ്രതിനിധി പികെ ശശീന്ദ്രന്റെ പത്രികയാണ് വരാണാധികാരി ആദ്യം സ്വീകരിച്ചത്. എന്നാൽ എകെ ശശീന്ദ്രൻ വിഭാഗം ഇതിനെ എതിർത്തതോടെ വീണ്ടും വിളിച്ചുവരുത്തി. തുടർന്ന് ഈ പത്രികയുടെ രസീത് അജ്ഞാതനായ ഒരാൾ കൈപ്പറ്റി ഓടിപ്പോയി. തങ്ങളുമായി ബന്ധമില്ലാത്തയാളാണ് രസീത് കൈപ്പറ്റി ഓടിപ്പോയതെന്ന് പികെ ശശീന്ദ്രൻ വിഭാഗം പറയുന്നു.
പതിനൊന്ന് മണിയോടെ നോമിനേഷൻ സ്‌ക്രൂട്ടിനി ആരംഭിച്ചതെന്ന് പികെ ശശീന്ദ്രൻ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. സൂക്ഷ്മപരിശോധനയിൽ തങ്ങളുടെ നാമനിർദേശ പത്രിക അംഗീകരിച്ചു. അതിന്റെ രസീത് തങ്ങൾക്ക് തരുന്നതിന് പകരം മൂന്നാമതൊരാൾക്ക് വരാണാധികാരി നൽകുകയായിരുന്നു, രസീത് കിട്ടിയ ഉടനെ അയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും അഭിഷാകൻ പറയുന്നു. ക്ലോക്ക് ചിഹ്നത്തിൽ മത്സരിക്കുന്നത് തടയാനുള്ള നീക്കമായാണ് ഇതിനെ കാണുന്നതെന്നും കാത്തിരിക്കണമെന്നാണ് വരാണിധാകാരി അറിയിച്ചതെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് എൻസിപി ശരത്പവാർ വിഭാഗം നേതാവ് എകെ ശശീന്ദ്രൻ. മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തിലാണ് ശശീന്ദ്രൻ വിജയിച്ചത്. പാർട്ടി പിളർന്നതോടെ എകെ ശശീന്ദ്രനെതിരെ പികെ ശശീന്ദ്രൻ എന്ന അപരനെ എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥിയാക്കിയിരുന്നു. അദ്ദേഹത്തിനാണ് ക്ലോക്ക് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. സംഭവത്തിന് പിന്നാലെ എസിപി ഉൾപ്പടെയുള്ളവർ സംഭവസ്ഥലത്തെത്തി. രസീതുമായി കടന്ന കളഞ്ഞ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിസിടിവി ഉൾപ്പടെ പൊലീസ് പരിശോധിച്ചു.
