ആലപ്പുഴ: മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. ജി സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തിയെന്ന് പറഞ്ഞ സജി ചെറിയാൻ കെ സുധാകരന്റെ രാഷ്ട്രീയ ധർമ്മികത അദ്ദേഹത്തിനില്ലെന്നും വിമർശിച്ചു. ചേർത്തലയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.
കെ സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ അദ്ദേഹം പാർട്ടിയെ ചതിച്ചില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ജി സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയൻ കുറ്റപ്പെടുത്തി. കെ സുധാകരൻ ആ വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാർമികത. ചങ്കിൽ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
കോൺഗ്രസിനെതിരെയും സജി ചെറിയാൻ കടുത്ത വിമർശനം ഉയർത്തി. കോൺഗ്രസ് പിരിച്ചുവിടേണ്ട സമയമായെന്നും പാർട്ടിയിൽ കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർക്ക് വിലയില്ലെന്നും അദ്ദേഹം വിമർശിച്ചു. വെള്ളം കോരുന്നവനും വിറക് വെട്ടുന്നവനും വിലയില്ലാത്ത അവസ്ഥയാണെന്നും സജി ചെറിയാൻ പരിഹസിച്ചു.
