കൊച്ചി: കേരള എന്ന പേര് കേരളം എന്നാക്കിയത് കേന്ദ്രത്തിലെ എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റണമെന്ന വർഷങ്ങളായിട്ടുള്ള ആവശ്യമാണ് നിറവേറ്റിയത്. ഭാരതത്തിന്റെ സുന്ദരമായ സംസ്ഥാനത്തിന് ഇന്ന് അനുയോജ്യമായ പേര് ലഭിച്ചിരിക്കുന്നുവെന്ന് മോദി പറഞ്ഞു. സമുദ്രത്തെയും നദികളെയും വെള്ളത്തെയും മറ്റുള്ളവർ വെറും വിഭവങ്ങളായി കാണുമ്പോൾ ധീവരസമൂഹം അമ്മയായാണ് കാണുന്നത്. മത്സ്യത്തൊഴിലാളികൾ സമുദ്രം കാക്കുന്നവരാണ്. പ്രളയസമയത്ത് ഈ സമുദായത്തിന്റെ സേവന പ്രവർത്തനം ലോകം മുഴുവൻ കണ്ടതാണ്. അതാർക്കും വിസ്മരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് മികച്ച പരിഗണന നൽകിയത് എൻഡിഎ സർക്കാരാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടണം. അതിനായി വിവിധ പദ്ധതികളാണ് മത്സ്യത്തൊഴിലാളി സമുദായത്തിനായി നടപ്പാക്കിയത്. പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. പ്രധാനമന്ത്രി മത്സ്യയോജനാ പദ്ധതി പ്രകാരം 1400 കോടി രൂപയാണ് കേരളത്തിന് മാത്രം നീക്കിവെച്ചത്. ഇതുമൂലമാണ് കേരളത്തിന്റെ മത്സ്യമേഖല വേഗത്തിൽ വളരുന്നത്. മത്സ്യത്തൊഴിലാളികളെ ശാക്തികരിക്കാനായി വിവിധ സൊസൈറ്റികൾ വഴി ലക്ഷക്കണക്കിന് രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കടലിൽ പോകുന്നവരുടെ സുരക്ഷയ്ക്കായും കേന്ദ്രസർക്കാർ നടപടിയെടുത്തു.
മത്സ്യത്തൊഴിലാളി സമൂഹത്തിലെ യുവാക്കൾ ബ്ലൂ ഇക്കോണമിയെ നയിച്ച് മത്സ്യത്തൊഴിലാളി കയറ്റുമതിയെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി സർക്കാർ ഗ്യാരണ്ടി നൽകി പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ പരിവർത്തനത്തിൽ കൊച്ചി സാമൂഹ്യപരിഷ്‌കരണത്തിന്റെ മണ്ണായാണ് കണക്കാക്കപ്പെടുന്നത്. ഈ മണ്ണിൽ നിന്നാണ് പണ്ഡിറ്റ് കറുപ്പൻ സ്വാഭിമാന പോരാട്ടത്തിന്റെ ശബ്ദമുയർത്തിയത്. അമൃതാനന്ദമയിയെയും പ്രധാനമന്ത്രി സ്മരിച്ചു. മാതാ അമൃതാനന്ദമയിയുടെ ജീവിതം നിസ്വാർത്ഥ സേവനത്തിന്റെ അത്ഭുതകരമായ ഉദാഹരണമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കടലിന്റെ മക്കൾക്ക് നമസ്‌കാരം എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അഖിലകേരള ധീവരസഭ സുവർണജൂബിലി ആഘോഷിക്കുകയാണ്. കഴിഞ്ഞ 50 വർഷമായി കേരളത്തിലെ മത്സ്യത്തൊളിലാളി സഹോദരങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് സംഘടന. 50 വർഷത്തെ നിങ്ങളുടെ പ്രയത്‌നത്തിൽ നിങ്ങളുടെ സേവനമനോഭാവവും ഉൾപ്പെട്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ കേരളത്തിലെ മുഴുവൻ ധീവരസഭാംഗങ്ങൾക്കും നന്മകൾ നേരുന്നു. താനിവിടെ വന്നത് അനുഗ്രഹം നൽകാനല്ല, നിങ്ങളിൽ നിന്നും അനുഗ്രഹം തേടാനാണ് വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
