കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും രാഹുൽ ഗാന്ധിക്ക് ഇല്ല. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുൽ ഗാന്ധിയെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഎം-ബിജെപി ഡീൽ ആരോപണങ്ങൾക്ക് കൊച്ചിയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒരു കാര്യവും നേരെചൊവ്വേ രാഹുൽഗാന്ധി മനസ്സിലാക്കില്ല. കണ്ടാലും കൊണ്ടാലും രാഹുൽ ഗാന്ധി പഠിക്കില്ല. ഇതൊന്നും രാഷ്ട്രീയ നേതാവിന് ചേർന്ന ഗുണമല്ല. അഖിലേന്ത്യാ നേതാവായ രാഹുൽ ഗാന്ധിക്ക് പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും ഇല്ല എന്നതാണ് വസ്തുത. കോൺഗ്രസുകാർ സർവാദരണീയനായി കാണുന്ന നേതാവിന് ഇത്രമാത്രം അധഃപതനം എങ്ങനെയാണ് ഉണ്ടായതെന്ന് മനസ്സിലാകുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവർത്തിക്കുന്നത്. എല്ലായിടങ്ങളിലും ബിജെപിയെ സഹായിക്കുന്ന സമീപനമാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കൾക്കെതിരെ കേസെടുകളെടുത്ത് ബിജെപി വേട്ടയാടുകയാണ്. ഡൽഹിയിൽ അരവിന്ദ് കെജരിവാളിന്റെ മന്ത്രിസഭയിലെ ഒരംഗത്തെ അറസ്റ്റ് ചെയ്തപ്പോൾ എന്തുകൊണ്ട് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുൽ ചോദിച്ചത്. പിന്നീട് കോടതി കെജരിവാളിനെ കുറ്റവിമുക്തനാക്കിയപ്പോൾ ബിജെപിക്ക് മാത്രമല്ല, രാഹുൽ ഗാന്ധിയുടെ മുഖത്തുമാണ് അടിയേറ്റതെന്നും പിണറായി പറഞ്ഞു.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരാതിരിക്കാനുള്ള നിലപാടല്ല കോൺഗ്രസ് സ്വീകരിച്ചത്. ജയസാധ്യത ഉണ്ടായിരുന്ന എഎപിക്കെതിരെയാണ് കോൺഗ്രസ് മത്സരിച്ചത്. ബിജെപിയെ അധികാരത്തിലെത്തിക്കാൻ സഹായിച്ചത് കോൺഗ്രസിന്റെ ഈ സമീപനമാണ്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന് ആരും കരുതിയില്ല. ബിജെപിയെ നേരിടാൻ ഇതര രാഷ്ട്രീയകക്ഷികൾ കൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ അതിനെ രാഹുൽഗാന്ധിയും കോൺഗ്രസും എതിർത്തു. അതിന്റെ ഫലമായി ബിജെപി ഇതര വോട്ടുകൾ ശിഥിലീകരിക്കുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.
ബിഹാർ അടക്കമുള്ള തെരഞ്ഞെടുപ്പുകളിലും മറ്റൊന്നല്ല കണ്ടത്. രംഗമാകെ കലുഷിതമാക്കി ബിജെപിയെ സഹായിക്കുകയാണ് കോൺഗ്രസ്. യോജിക്കേണ്ട കക്ഷികൾ തമ്മിലെ യോജിപ്പിന് പകരം സംഘർഷമുണ്ടാക്കുന്നത് കോൺഗ്രസാണ്. ഇതിനെല്ലാം നേതൃത്വം നൽകുന്നത് രാഹുൽ ഗാന്ധിയാണ്. സിപിഎമ്മും ഇടതുപക്ഷവും എക്കാലത്തും ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നേമത്തും തൃശൂരിലും ബിജെപിയെ വിജയിപ്പിച്ചത് കോൺഗ്രസാണ്. എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് കാണുമ്പോൾ ജനങ്ങളിൽ എതിർവികാരമുണ്ടാക്കാനാണ് ഡീൽ ആരോപണം യുഡിഎഫ് ഉന്നയിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
