പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമിടും

എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും.

രാവിലെ 11.30 ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി നേവല്‍ ബേസില്‍ എത്തി റോഡ് മാർഗം ആദ്യ പരിപാടിക്ക് എത്തും. മറൈൻഡ്രൈവില്‍ ധീവനസഭയുടെ ഗോള്‍ഡൻ ജൂബിലി ആഘോഷമാണ് മോദിയുടെ ആദ്യ പരിപാടി. 12 ന് കലൂർ സ്റ്റേഡിയത്തില്‍ റോഡ് ഷോ നടക്കും. 12.30 ന് കേന്ദ്രസർക്കാരിൻറെ ഔദ്യോഗിക പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും ഇതില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. അതിനുശേഷം, ഒരു മണിയോടുകൂടി കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയില്‍ എൻഡിഎ കേരളം തിരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് കണ്‍വെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങള്‍ക്കും തുടക്കമാകും. 2.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും. കേരളത്തിലെ പരിപാടികള്‍ക്ക് ശേഷം വൈകീട്ട് തിരുച്ചിറപ്പള്ളിയില്‍ എത്തുന്ന മോദി, 5:45ന് വിവിധ വികസന പദ്ധതികളുടെ ഉദ്ഘടനവും ശിലാസ്ഥപനവും നിർവഹിക്കും. ആകെ 5650 കോടി രൂപയുടെതാണ് പദ്ധതികള്‍. തുടർന്ന് എൻഡിഎ പൊതുയോഗത്തിലും മോദി പ്രസംഗിക്കും. ബിജെപിയുടെ വർധിച്ചു വരുന്ന സ്വീകര്യതയില്‍ ഡിഎംകെ അസ്വസ്ഥരാണെന്ന് മോദി എക്സ്സില്‍ കുറിച്ചു. ഈ മാസം മോദിയുടെ രണ്ടാമത്തെ തമിഴ്നാട് സന്ദർശനം ആണിത്.

ഗതാഗത നിയന്ത്രണങ്ങള്‍

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നെടുമ്പാശ്ശേരി മുതല്‍ മുട്ടം വരെയുള്ള ഭാഗങ്ങളില്‍ റൂറല്‍ പൊലീസ് ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി - കാലടി എംസി റോഡ് വഴി പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഇട റോഡുകളില്‍ നിന്നും സർവീസ് റോഡ് നിന്നും ഹൈവേയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല. മെട്രോയില്‍ യാത്ര ചെയ്യുന്നവർക്ക് ആലുവ മുതല്‍ മുട്ടം വരെ യാത്രകള്‍ക്ക് രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടക്കുള്ള സമയം നിയന്ത്രണം ഉണ്ടാകും.

Previous Post Next Post