പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. ലോകത്തെ എണ്ണക്കപ്പലുകള്‍ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്.
ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതോടെ എണ്ണവില കുതിക്കാനാണ് സാധ്യത. ആക്രമണമുണ്ടായതോടെ ഖത്തർ എനർജി നാച്ചുറല്‍ ഗ്യാസ് ഉത്പാദനവും നിർത്തി. ഇറാൻ ആക്രമണമുണ്ടായ അരാംകോയുടെ പല പ്ലാന്‍റുകളും പ്രവര്‍ത്തനം നിർത്തി. കുവൈറ്റിലെ ചില റിഫൈനറികളും ഉത്പാദനം നിർത്തി.
അതേസമയം, റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം ഉണ്ടായി. എംബസിയില്‍ രണ്ട് ഡ്രോണുകള്‍ പതിച്ചതായാണ് സൗദി ഡിഫൻസ് സ്ഥിരീകരിച്ചു. തീപിടിത്തമുണ്ടായി. ആക്രമണ സമയത്ത് എംബസിയില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് യുഎസ് അധികൃതർ ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഇറാന് നേരെ കനത്ത അടി വരാൻ പോകുന്നതേയുള്ളൂ എന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഇറാനെ തടയാൻ ഇതാണ് ഏറ്റവും മികച്ച അവസരം എന്നതുകൊണ്ടാണ് ആക്രമണം തുടങ്ങിയതെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തില്‍ ചെറിയ രീതിയിലുള്ള തീപിടുത്തമുണ്ടാവുകയും ഭൗതികമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വക്താവ് വ്യക്തമാക്കി. ആക്രമണത്തോടു പ്രതികരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും ഇറാനുമായുള്ള സംഘർഷത്തിനിടെ യുഎസ് സൈനികർ കൊല്ലപ്പെട്ടതിനും ഉചിതമായ മറുപടി ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചു. റിയാദ് മേഖലയിലെ അമീർ സുല്‍ത്താൻ എയർബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ റിഫൈനറി ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും തിങ്കളാഴ്ച സൗദി അറേബ്യ വിജയകരമായി തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് എംബസിക്ക് നേരെയുള്ള നീക്കമുണ്ടായത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ രാത്രിയിലും ഇറാന്റെ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായി. യുഎഇയിലേക്ക് ഇറാനില്‍ നിന്ന് കൂട്ടത്തോടെ മിസൈലുകള്‍ വന്നുതുടങ്ങി. മിക്കതും തടഞ്ഞെന്ന് അധികൃതർ അറിയിച്ചു. ആക്രമണങ്ങളെ പ്രതിരോധിക്കുന്നുവെന്ന് യുഎഇ വ്യക്തമാക്കി. കുവൈത്തിലെ ഇറാൻ ആക്രമണത്തില്‍ ഒരു നാവിക സേന അംഗം കൂടി മരിച്ചു. സർജന്‍റ് വലിദ് മജീദ് ആണ് മരിച്ചത്. അതേ സമയം സൗദി അരാംകോ റിഫൈനറിയിലേക്ക് ആക്രമണം നടത്തിയെന്ന വാർത്ത ഇറാൻ നിഷേധിച്ചു. തെറ്റിദ്ധാരണ പരത്താൻ വേണ്ടി ഇസ്രയേല്‍ സൃഷ്ടിച്ചതാകാം വാർത്തയെന്ന് ഇറാൻ അധികൃതർ.