മുംബൈ: നാല് പതിറ്റാണ്ട് മുൻപ് വാംഖഡെയിലെ ഒരു ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. അതേവേദിയിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ മറ്റൊരു ലോകകപ്പ് സെമിക്കിറങ്ങുകയാണ്. അന്ന് ഏകദിന ലോകകപ്പായിരുന്നെങ്കിൽ ഇന്ന് ടി20 ലോകകപ്പാണ്.
ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിർത്താനുള്ള യാത്രയിലാണെങ്കിൽ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മത്സരം വൈകീട്ട് ഏഴുമണി മുതലാണ്.
ഇന്ത്യ വാംഖഡെയിൽ
ഇന്ത്യയുടെ വാംഖഡെയിലെ ലോകകപ്പ് പോരാട്ടങ്ങൾ സന്തോഷത്തിന്റേയും സങ്കടത്തിന്റേയും നിമിഷങ്ങളിലൂടെ കടന്നു പോകുന്നതാണ്. 1987ൽ കപിലിന്റെ നേതൃത്വത്തിൽ വാംഖഡെയിൽ ഇന്ത്യ ലോകകപ്പ് സെമി കളിക്കാനിറങ്ങുമ്പോൾ ലക്ഷ്യം കിരീടം നിലനിർത്തുക എന്നതായിരുന്നു. എന്നാൽ ഇംഗ്ലണ്ട് സെമിയിൽ ഇന്ത്യയെ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറി.
ഇതേ മണ്ണിലാണ് എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 2011ലെ ഏകദിന ലോക കിരീടം ഉയർത്തിയത്. അന്ന് ഫൈനലിൽ ശ്രീലങ്കയെ വീഴ്ത്താൻ ഇന്ത്യക്ക് കരുത്തായി മാറിയത് ഓപ്പണറായി ഇറങ്ങിയ ഗൗതം ഗംഭീർ നേടിയ 97 റൺസായിരുന്നു. ഒപ്പം ക്യാപ്റ്റൻ ധോനിയുടെ മികച്ച ബാറ്റിങും. അന്ന് മിന്നും പോരാട്ടം പുറത്തെടുത്ത ഗംഭീർ ഇന്ന് ഇന്ത്യയുടെ പ്രധാന പരിശീലകനായി തന്ത്രമോതി ഡഗൗട്ടിലുണ്ട്.
2016ലെ ടി20 ലോകകപ്പിൽ ഇന്ത്യ വീണ്ടും സെമി കളിക്കുന്നുണ്ട് വാംഖഡെയിൽ. എന്നാൽ അന്ന് വെസ്റ്റ് ഇൻഡീസിനോടു പരാജയപ്പെട്ടു.
ഇന്ത്യയും ഇംഗ്ലണ്ടും
ടി20 ലോകകപ്പിൽ തുടരെ മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയിൽ നേർക്കുനേർ വരുന്നത്. 2022ൽ അഡ്‌ലെയ്ഡിൽ നടന്ന സെമിയിൽ ഇന്ത്യയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യ 169 റൺസ് ലക്ഷ്യം വച്ചപ്പോൾ ഇംഗ്ലണ്ട് ഒറ്റ വിക്കറ്റും പോകാതെ 170 അടിച്ച് 10 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്.
ഇന്ത്യ കിരീടം സ്വന്തമാക്കിയ 2024ലെ അധ്യായത്തിലും ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വീണ്ടും സെമിയിൽ ഏറ്റുമുട്ടി. ഇത്തവണ ഇന്ത്യയ്‌ക്കൊപ്പമാണ് ജയം നിന്നത്. ഇന്ത്യ 172 റൺസാണ് ലക്ഷ്യം വച്ചത്. ഇംഗ്ലണ്ടിന്റെ പോരാട്ടം 16.4 ഓവറിൽ 103 റൺസിൽ അവസാനിപ്പിച്ച് ഇന്ത്യ ആധികാരിക ജയത്തോടെ ഫൈനലിലേക്ക് മുന്നേറി.
2022ൽ ഇന്ത്യയെ തോൽപ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയർത്തി. 2024ൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടിൽ വെസ്റ്റ് ഇൻഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ എല്ലാ മത്സരങ്ങളും ജയിച്ചപ്പോൾ പ്രാഥമിക റൗണ്ടിൽ നാലും ജയിച്ച ഇന്ത്യ സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് തോറ്റു.
മുന്നിൽ ഇന്ത്യ
ഇരു ടീമുകളും തമ്മിലുള്ള ടി20 ഫോർമാറ്റിലെ നേർക്കുനേർ പോരാട്ടത്തിൽ ഇന്ത്യ നേരിയ മുൻതൂക്കത്തിൽ മുന്നിൽ നിൽക്കുന്നു. ഇംഗ്ലണ്ടിനെതിരെ 29 തവണയാണ് കുട്ടി ഫോർമാറ്റിൽ ഇന്ത്യ ഏറ്റുമുട്ടിയത്. 17 ജയങ്ങൾ ഇന്ത്യക്ക്. ഇംഗ്ലണ്ടിന് 12 ജയങ്ങളും. ലോകകപ്പിൽ ഇരു ടീമുകളും ഇതുവരെ 5 തവണയാണ് നേർക്കുനേർ വന്നത്. ഇന്ത്യ 3 ജയങ്ങളുമായി മുന്നിൽ നിൽക്കുന്നു.
