കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ 5 വമ്പൻ പ്രഖ്യാപനങ്ങള്‍, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും ക്ഷേമ പെൻഷൻ 3000 രൂപയാക്കുമടക്കം 'അഞ്ചിന ഗ്യാരണ്ടി' പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കർണായടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സ്ത്രീകള്‍ക്കെല്ലാം കെ എസ് ആർ ടി സി ബസുകളില്‍ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിനൊപ്പം തന്നെ കോളേജ് വിദ്യാർഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കല്‍ എന്നതാണ് രണ്ടാമത്തെ ഗ്യാരണ്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരില്‍ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വരെ ഇതിലൂടെ ഓരോ കുടുംബങ്ങള്‍ക്കും സൗജന്യ ഇൻഷുറൻസ് ലഭിക്കുമെന്നതാണ് മൂന്നാം ഗ്യാരണ്ടി. യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുമെന്നതാണ് രാഹുല്‍ പ്രഖ്യാപിച്ച നാലാമത്തെ ഗ്യാരണ്ടി. മുതിർന്ന പൗരന്മാരുടെ സുരക്ഷക്കായി പ്രത്യേക വകുപ്പ് എന്നതാണ് അഞ്ചാമത്തെ ഉറപ്പ്. കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നതാണ് ഉദ്ദേശമെന്നും രുഹുല്‍ വിവരിച്ചു. യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ആവേശം പകരുന്നതാണ് രാഹുലിന്‍റെ പ്രഖ്യാപനങ്ങളെന്നാണ് വിലയിരുത്തലുകള്‍.

സിപിഎമ്മിനും പിണറായി സർക്കാരിനും രൂക്ഷ വിമർശനം

മോദി സർക്കാരിനെയും പിണറായി സർക്കാരിനെയും സി പി എമ്മിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ എടുത്തുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേരളത്തില്‍ സി പി എം- ബി ജെ പി കൂട്ടുകെട്ടാണെന്നും പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ മോദിയാണ് നിയന്ത്രിക്കുന്നത്. പിണറായിക്ക് എതിരെ എന്തുകൊണ്ട് ഇ‍‍ഡി അനങ്ങുന്നില്ല എന്ന ചോദ്യവും രാഹുല്‍ ഉയർത്തി. തന്നെ ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തെന്നും രാഹുല്‍ ഓർമ്മിപ്പിച്ചു. കേരളത്തില്‍ സി ജെ പിയാണുള്ളത്. സി പി എം - ബി ജെ പി കൂട്ടുകെട്ടാണ്. സി പി എമ്മും ബി ജെ പിയും യു ഡി എഫിനെ തോല്‍പ്പിക്കാൻ കൈ കോർക്കുന്നു. എന്ത് കമ്യൂണിസ്റ്റ് സ്വഭാവമാണ് സർക്കാരിനുള്ളത്? തൊഴിലാളി താല്‍പ്പര്യം ഈ സർക്കാർ സംരക്ഷിക്കുന്നില്ല. സർക്കാരിന് കോർപറേറ്റ് സ്വഭാവമാണുള്ളതെന്നും കോർപറേറ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് സി പി എം പേരു മാറ്റണമെന്നും സമാപന സമ്മേളനത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.
Previous Post Next Post