ഹോർമുസ് തുറക്കണം, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണം; ഇറാന് മുന്നിൽ 15 നിബന്ധനകൾ വെച്ച് അമേരിക്ക, ഒരു മാസത്തെ വെടിനിർത്തൽ വരുമോ?



ന്യൂയോർക്ക്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി 15 നിബന്ധനകൾ വെച്ച് അമേരിക്ക. ആണവ പദ്ധതിയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഉൾപ്പെടുന്ന നിർദേശങ്ങൾ ഇറാന് അയച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പാകിസ്ഥാൻ വഴിയാണ് അമേരിക്ക ഇറാനിലേക്ക് നിർദേശങ്ങൾ കൈമാറിയതെന്നാണ് വിവരം.


അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകളുടെ അടിസ്ഥാനത്തിൽ അമേരിക്കയും ഇറാനും ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുമെന്നും പരസ്പരം ചർച്ച നടത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാനിയൻ മണ്ണിലെ ഏതൊരു യുറേനിയം സമ്പുഷ്ടീകരണവും അവസാനിപ്പിക്കാനും ഇസ്രയേലും അമേരിക്കയും പറയുന്ന സമ്പുഷ്ട വസ്തുക്കൾ കൈമാറാനും നിബന്ധനയിൽ പറയുന്നു. ഇത് ഒരു ആണവ ബോംബായി വികസിപ്പിക്കാൻ കഴിയുമെന്ന് ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നു.


കപ്പലുകൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്ന വിധം ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നിടണം. ഹോർമുസ് കടലിടുക്ക് വഴി എണ്ണ കൊണ്ടുപോകുന്നത് ഇറാൻ തടഞ്ഞതോടെ എണ്ണവില കുതിച്ചു ഉയർന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചത്. ഇതിൽ പുരോഗതി ഉണ്ടായാൽ ഇറാന് മേലുള്ള എല്ലാ ഉപരോധങ്ങളും അമേരിക്ക അവസാനിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.പ്രധാന ആണവ കേന്ദ്രമായ ബുഷെഹറിൽ സിവിൽ ആണവോർജ്ജം വികസിപ്പിക്കുന്നതിന് ഇറാന് സഹായം നൽകുമെന്നും അമേരിക്കയുടെ നിർദേശത്തിൽ പറയുന്നു.

Previous Post Next Post