ടീമിലെ പ്രതിഭ ധാരാളിത്തത്തിൻ്റെ പേരിൽ ഒഴിവാക്കപ്പെട്ട സഞ്ജു വി സാംസൺ എന്ന മലയാളി, അവിചാരിതമായി കിട്ടിയ അവസരത്തിൽ മുന്നിൽ നിന്ന് നയിച്ചപ്പോൾ ട്വൻ്റി20 യിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ. 96 റൺസിനായിരുന്നു ഇന്ത്യൻ വിജയം
ഫൈനലിൽ ഉൾപ്പെടെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ അർദ്ധശതകം കണ്ടെത്തിയ സഞ്ജുവാണ് 89 റൺസോടെ ഇന്ത്യയെ പടുകൂറ്റൻ വിജയത്തിന് ചുക്കാൻ പിടിച്ചത്.
ലോകകപ്പ് ഫൈനലില്‍ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ചരിത്രനേട്ടം സഞ്ജു സ്വന്തം പേരിലെഴുതി. 46 പന്തില്‍ നിന്ന് 89 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍, എതിരാളികളുടെ ബോളിങ് നിരയെ അനായാസം നേരിട്ട സഞ്ജു, അഞ്ച് ഫോറുകളും എട്ട് സിക്സറുകളും ഉള്‍പ്പെടെയാണ് തന്റെ ഇന്നിങ്സ് പൂർത്തിയാക്കിയത്. 2016-ലെ ഫൈനലില്‍ വെസ്റ്റ് ഇൻഡീസിന്റെ മാർലോണ്‍ സാമുവല്‍സ് നേടിയ 85 റണ്‍സ് എന്ന റെക്കോർഡാണ് സഞ്ജു തകർത്തെറിഞ്ഞത്. ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ആണ് ഇന്ത്യ വച്ചത്.
വെറുമൊരു അർധസെഞ്ചുറി മാത്രമല്ല, റെക്കോർഡുകളുടെ ഒരു വലിയ നിര തന്നെയാണ് സഞ്ജു ഈ ഫൈനലില്‍ പിന്നിട്ടത്. ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി സഞ്ജു മാറി. ലോകകപ്പില്‍ തുടർച്ചയായി മൂന്ന് മത്സരങ്ങളില്‍ 50-ലധികം റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. വിരാട് കോഹ്‌ലി, കെ.എല്‍.രാഹുല്‍ എന്നിവർ മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ലോകകപ്പിന്റെ സെമിഫൈനലിലും ഫൈനലിലും അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായി സഞ്ജു മാറി. ഷാഹിദ് അഫ്രീദി (2009), വിരാട് കോഹ്‌ലി (2014) എന്നിവരാണ് ഇതിനുമുമ്പ് ഈ അത്യപൂർവ്വ നേട്ടം കൈവരിച്ചത്.