തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജന ചർച്ചകൾക്കിടെ നിർണായ ഇടതുമുന്നണി ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിന് എകെജി സെന്ററിലാണ് യോഗം. മുന്നണിയിലെ സീറ്റു വിഭജനം എത്രയും വേഗം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. 13 സീറ്റ് വേണമെന്ന കടുത്ത നിലപാടിലാണ് കേരള കോൺഗ്രസ് (എം). എന്നാൽ 12 സീറ്റ് നൽകാമെന്നാണ് സിപിഎം അറിയിച്ചിട്ടുള്ളത്.
സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. മുൻമന്ത്രി കെ കെ ശൈലജയെ മട്ടന്നൂരിന് പകരം, പേരാവൂരിൽ മത്സരിപ്പിക്കാൻ ഇന്നലെ ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമായിരുന്നു. സ്പീക്കർ ഷംസീറിനും ഇത്തവണ സീറ്റില്ല. പകരം തലശ്ശേരിയിൽ കാരായി രാജന്റെ പേരാണ് ജില്ലാ നേതൃത്വം നിർദേശിച്ചിട്ടുള്ളത്.
തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ മത്സരിപ്പിക്കാനാണ് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം തീരുമാനിച്ചത്. ഇക്കാര്യവും സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. സെക്രട്ടേറിയറ്റ് അംഗമായ എം സ്വരാജ് സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ജില്ലാ കമ്മിറ്റികൾ നിർദേശം മുന്നോട്ടുവെച്ചിരുന്നു. സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തിലും പാർട്ടി തീരുമാനമെടുത്തേക്കും.
പുതുമുഖങ്ങളെ മത്സരിപ്പിക്കണമോ എന്നതിൽ സിപിഐയുടെ നേതൃയോഗവും ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. പാർട്ടിയുടെ നാലു മന്ത്രിമാരെയും വീണ്ടും സ്ഥാനാർത്ഥിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ മൂന്നു തവണ എംഎൽഎ ആയവരെ മുഴുവൻ മാറ്റി പുതിയവർക്ക് അവസരം നൽകാനും ധാരണയായിരുന്നു. പി എസ് സുപാൽ, ജി എസ് ജയലാൽ അടക്കമുള്ളവർക്ക് സീറ്റ് ലഭിക്കില്ലെന്നാണ് സൂചന.
