ആലപ്പുഴ: കായംകുളത്ത് നവജാത ശിശു മരിച്ചു. അജീഷ്- അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു പ്രസവം. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി, കായംകുളം കല്ലുംമൂട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
അതുല്യയ്ക്ക് 24 നായിരുന്നു പ്രസവതീയതി കുറിച്ചു നൽകിയിരുന്നത്. എന്നാൽ വയറുവേദന ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെ സിസേറിയൻ നടത്തി. എന്നാൽ ഹാർട്ട് ബീറ്റ് കുറവാണെന്നും, വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
എന്നാൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുമ്പേഴേക്കും കുഞ്ഞ് മരിച്ചിരുന്നു. അതുല്യയ്ക്ക് 22 -ാം തീയതി രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ കൊണ്ടു വന്നിരുന്നു. വേദനയ്ക്കുള്ള മരുന്നു നൽകി തിരികെ വിടുകയായിരുന്നു. അന്ന് അഡ്മിറ്റ് ചെയ്തിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് അജീഷ് പറഞ്ഞു.
