തൃശൂർ: ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
മൂന്നുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്ന നിയമം അട്ടിമറിച്ചുവെന്ന് യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ നഴ്‌സുമാർക്ക് 20000 രൂപ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ജാസ്മിൻ ഷാ പറഞ്ഞു.
നഴ്‌സുമാരുടെ ശമ്പളം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയർത്തുന്നതിനായി നാളത്തെ സൂചന പണിമുടക്കിനുശേഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി. നാളെ ആശുപത്രികളിലെ മൂന്നിൽ ഒന്ന് ജീവനക്കാർ ജോലിക്ക് കയറും. ബാക്കിയുള്ളവർ സൂചനാ സമരത്തിൽ പങ്കെടുക്കുമെന്നും ജാസ്മിൻ ഷാ പറഞ്ഞു.
പണിമുടക്ക് ദിവസം അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും. തൃശൂരിലായിരിക്കും അവകാശ പ്രഖ്യാപന സമ്മേളനം നടക്കുക. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വീട്ടമ്മയുടെ വയറ്റിൽ അകപ്പെട്ട സംഭവം സിസ്റ്റത്തിന്റെ പിഴവാണെന്നും നഴ്‌സുമാരും രോഗികളും തമ്മിലുള്ള അനുപാതം പാലിച്ചാലെ പ്രശ്‌നം തീരുകയുള്ളുവെന്നും ജാസ്മിൻ ഷാ പറഞ്ഞു.
