തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്.
സംഭവത്തിൽ ഒൻപത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. വെള്ളല്ലൂർ ജവാഹർ ജങ്ഷനിൽ ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. കാറിലെത്തിയ സിപിഎം ഡിവൈഎഫ്‌ഐ സംഘം പൊലീസ് ജീപ്പുതടഞ്ഞ് എസ്എച്ച്ഒ എൻ.അൻസാറിനെ അസഭ്യം വിളിക്കുകയായിരുന്നു. കാർ റോഡിനു കുറുകെ ഇട്ടാണ് പൊലീസ് ജീപ്പ് തടഞ്ഞത്.
കഴിഞ്ഞദിവസം കണ്ണൂരിൽ മന്ത്രി വീണയെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന സംഭവത്തിൽ വെള്ളല്ലൂരിൽ സിപിഎം,ഡിവൈഎഫ്‌ഐ പ്രതിഷേധം നടന്നിരുന്നു. പ്രകടനത്തിനിടെ കോൺഗ്രസിന്റെ ഫ്‌ലക്‌സ് ബോർഡുകൾ നശിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി.ആർ.അനന്ദുകൃഷ്ണനെ കയ്യേറ്റം ചെയ്‌തെന്നും പരാതിയുണ്ട്.
സംഭവത്തിൽ നോട്ടീസ് നൽകാൻ വീട്ടിലെത്തിയ എസ്എച്ച് ഒ ഉൾപ്പെടെയുളളവരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കാർ ജീപ്പിന് കുറുകെയിട്ട് ഒരു സംഘം തെറിവിളിച്ചത്. സംഭവത്തിൽ സിപിഎം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.രതീഷ് അടക്കം 9 പേർക്കെതിരെയാണ് കേസെടുത്തത്.
