'മുഖ്യമന്ത്രി ഒന്നു ചിരിച്ചല്ലോ?; സമയമായെന്ന് പറഞ്ഞ് എഴുന്നേൽക്കാറാണല്ലോ പതിവ്; മോഹൻലാലിനോട് എങ്കിലും പറയട്ടെ'



കോട്ടയം: മോഹൻലാൽ മുഖ്യമന്ത്രിയെ ഇന്റർവ്യൂ നടത്തിയതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുൻപ് ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖത്തിന്റെ പേര് എങ്കിലും മാറ്റമായിരുന്നു. അഭിമുഖത്തിലെങ്കിലും മുഖ്യമന്ത്രി ഒന്നുചിരിച്ചല്ലോയെന്നും സതീശൻ പരിഹസിച്ചു. പുതുയുഗയാത്രയുടെ ഭാഗമായി കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു സതീശൻ.


'ആ ഇന്റർവ്യവിലെന്താ തെറ്റ്?. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയില്ലേ പിണറായി വിജയൻ?. അദ്ദേഹം അറിയപ്പെടുന്ന നടനുമായി ഒരു ഇന്റർവ്യൂ നടത്തിൽ ഞങ്ങൾ അതിനെയൊന്നും പരിഹസിക്കില്ല. അതിൽ ഒരു തെറ്റുമില്ല. 2008ൽ ഉമ്മൻ ചാണ്ടി ജയ്ഹിന്ദ് ചാനലിൽ ഇതുപോലെ ഒന്ന് നടത്തിയിരുന്നു. അന്നിട്ട പേരായിരുന്നു ഇരുവർ. ആ പേര് എങ്കിലും മാറ്റാമായിരുന്നു. കൊല്ലം ഇത്രയെങ്കിലും ആയില്ലേ? മോഹൻലാലുമായി ഇന്റർവ്യൂ നടത്തിയതിൽ യാതൊരു വിരോധവുമില്ല.


ഇടയ്ക്ക് മുഖ്യമന്ത്രി ചിരിച്ച് നമ്മൾ ഒന്നുകൂടി കാണട്ടെ. അദ്ദേഹം ചോദ്യങ്ങൾക്ക് ഉത്തരം പറയാറില്ലല്ലോ?. ഓൾ ഇന്ത്യ റേഡിയോ ആണല്ലോ?, മൻകി ബാത്ത് ആണല്ലോ?. മാധ്യമങ്ങളെ കാണുമ്പോൾ നേരത്തെ തയ്യാറാക്കിയിട്ടുള്ള നാല് ചോദ്യങ്ങൾക്ക് മറുപടി പറയും. ശരിക്കുള്ള അഞ്ചാമത്തെ ചോദ്യം വരുമ്പോൾ സമയമായി എന്ന് പറഞ്ഞ് എഴുന്നേൽക്കാറണല്ലോ പതിവ്? മോഹൻലാലിനോടെങ്കിലും മറുപടി പറയട്ടെ' സതീശൻ പറഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. ഇരുവർ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവന്നത്. 'കണ്ടും മിണ്ടിയും... ഇരുവർ. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ' എന്ന ടാഗ്ലൈനോടെയാണ് അഭിമുഖം. മോഹൻലാൽ ക്ലിഫ് ഹൗസിൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തിൽ ഇരുവരും ഒന്നിച്ച് നടക്കുന്നതും നായയെ പരിപാലിക്കുന്നതും ടീസറിലുണ്ട്.


മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകൾ രജനീകാന്തിന്റേതാണെന്ന് ഒരാൾ തന്നോട് പറഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ, പൊതുവിൽ ആക്ഷൻ പടങ്ങൾ ഇഷ്ടമുള്ള ആളാണ് താനെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നു. ഏതെങ്കിലും ഒരു സിനിമാ സീൻ യഥാർഥ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് മോഹൻലാൽ പിണറായിയോട് ചോദിക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കാറില്ലെന്നായിരുന്നു മറുപടി. എന്തിന്റേയെങ്കിലും പേരിൽ പശ്ചാത്തപിച്ചിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. തനിക്ക് മർദനം ഏൽക്കേണ്ടി വന്ന അനുഭവം പിണറായി പറയുന്നു.


താൻ അഭിനയിച്ച ഏതെങ്കിലും സിനിമയിലെ സംഭാഷണം ഓർമയുണ്ടോയെന്ന ചോദ്യത്തോട്, ദിനേശനും ദാസനും ഉൾപ്പെടെ എത്രയേറെയുണ്ടെന്നായി പിണറായിയുടെ മറുപടി. ഇതുകേട്ട് മോഹൻലാൽ പൊട്ടിച്ചിരിക്കുന്നു. 'എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം' എന്ന മോഹൻലാലിന്റെ ഡയലോഗിന് മുഖ്യമന്ത്രി കൈയടിക്കുന്നതായും ടീസറിൽ കാണാം.


Previous Post Next Post