കോഴിക്കോട്: പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത പ്രതി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്താണ് പിടിയിലായത്. വടകരയിലും സമീപ പ്രദേശങ്ങളിലും ഇയാൾ പൂജാരിയായി ജോലി ചെയ്തിരുന്നു. ഈ മാസം പതിനാറിനാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സമ്പത്തിനെതിരെ വടകര പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്.
പെൺസുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. 12 ഉം ആറും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരകളായത്. കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. തേപ്പ് പെട്ടികൊണ്ട് പൊള്ളിച്ചെന്നും മൊട്ടുസൂചി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചെന്നും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു വീട്ടിൽ മാറ്റാരും ഇല്ലാത്തപ്പോൾ പീഡനം.
കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിയുന്നത്. വടകര പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി സമ്പത്ത് ഒളിവിൽപ്പോവുകയായിരുന്നു. ബെംഗളൂരുവിൽ നിന്നാണ് വടകര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
