കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാല്‍ തല്ലും'; 'ഭായി'മാര്‍ക്കെതിരെ പന്തം കൊളുത്തി പ്രകടനവുമായി നാട്ടുകാര്‍, പെരുമ്പാവൂരില്‍ ആശങ്ക!.


പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം കണ്ടത്തറ മഹല്ല് മുസ്ലീം ജമാ അത്ത് പ്രതിഷേധവുമായി രംഗത്തെത്തി.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കോളനിയുടെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ബോർഡ് പോലീസ് നീക്കം ചെയ്തതിലും പ്രതിഷേധക്കാർക്കെതിരെ കളളക്കേസുകള്‍ ചമയ്ക്കുന്നുവെന്ന് ആരോപിച്ചുമായിരുന്നു പ്രതിഷേധം. ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും നിയമപരമായ നടപടികള്‍ വഴി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും റൂറല്‍ എസ്.പി. അഭ്യർത്ഥിച്ചു. പെരുമ്പാവൂർ വെങ്ങോലയ്ക്കടുത്ത് കണ്ടത്തറയിലാണ് 'ഭായ് കോളനി'. ഇവിടെ ലഹരി ഇടപാടുകളും അനാചാര പ്രവർത്തനങ്ങളും വ്യാപകമെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. "കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാല്‍ തല്ലും, തല്ലും, തല്ലും" എന്നായിരുന്നു ബോർഡില്‍ ഉണ്ടായിരുന്നത്.

പെരുമ്പാവൂരില്‍ പ്രൈവറ്റ് ബസ് സ്റ്റാർഡും സമീപ പ്രദേശങ്ങളുമെല്ലാം ഭായിമാർ കീഴടക്കി കഴിഞ്ഞുവെന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച ദിവസങ്ങളില്‍‌ പെരുമ്പാവൂരുകാർ ആ ഭാഗത്തേക്ക് പോകാറില്ല. ഭായിമാർക്കായി ഞായറാഴ്ച തിയറ്ററില്‍ പ്രത്യേക ഷോകള്‍, വസ്ത്രങ്ങള്‍,ഭക്ഷണം, മാഗസിൻ എന്നിങ്ങനെ മാർക്കറ്റില്‍ പലതും ലഭ്യമാകും.

പെരുമ്പാവൂരിലെ എസ്.ബി.ഐ ബാങ്കിന്റെ പാർക്കിങ് ഏരിയയില്‍ ലഹരി ഉപയോഗമുണ്ടെന്നും ആരോപിക്കുന്നു. പകല്‍പ്പോലും പൊതുസ്ഥലങ്ങളില്‍ ലഹരി ഉപയോഗിക്കുന്ന അവസ്ഥയാണുള്ളതെന്നും കഞ്ചാവ് മുതല്‍ ഹെറോയിൻ, രാസലഹരി വരെ എളുപ്പത്തില്‍ ലഭിക്കുന്ന കേന്ദ്രമായി പ്രദേശം മാറിയെന്നും നാട്ടുകാർ പറയുന്നു. ഇതിനെ തുടർന്നാണ് 'ലഹരി വിരുദ്ധ സമിതി' രൂപീകരിച്ച്‌ പ്രതിഷേധത്തിന് ഇറങ്ങിയത്. പൊലീസും എക്സൈസും ഇടയ്ക്കിടെ പരിശോധനകള്‍ നടത്തി ലഹരിവസ്തുക്കള്‍ പിടികൂടുന്നുണ്ടെങ്കിലും, ഇവിടേക്ക് എത്തുന്ന ലഹരിയുടെ അളവ് കൂടുതലാണെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. അടുത്തിടെ, കാലടി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ കെ.എ സുബീറിനെ എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എം. ഹേമലത സസ്പെൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ഭായ് കോളനിയിലുള്ള സുബീറിന്റെ അടുത്ത ബന്ധുവിന്റെ പേരിലുള്ള കെട്ടിടത്തില്‍ നിന്ന് പെരുമ്പാവൂർ പോലീസ് ഒൻപതര കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തെ തുടർന്നായിരുന്നു നടപടി. ജാഗ്രതക്കുറവാണ് കാരണം എന്ന് വിലയിരുത്തി. അതേ മാസം കോളനിയിലെ മറ്റൊരു വീട്ടില്‍ നിന്ന് എക്സൈസ് 10 ലക്ഷം രൂപ വിലമതിക്കുന്ന 66 ഗ്രാം ഹെറോയിനും, നോട്ട് എണ്ണുന്ന മെഷീനും, 9.33 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഈ കേസിലും സുബീറിന്റെ പേരില്‍ ആരോപണം ഉയർന്നു. സലീന അലിയാർ എന്ന സ്ത്രീയെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

Previous Post Next Post