കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രീയ ക്യാംപെയ്‌നുകളുടെ മറവിൽ സർവേ പാടില്ലെന്നും ഇത്തരവം സർവേകൾ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.
കെഎസ് യു സംസ്ഥാന പ്രസിഡന്റ് ഉൾപ്പടെയുള്ളവരാണ് സർവേയ്‌ക്കെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹർജി. പാർട്ടി കേഡർമാരെ ഇറക്കിയുള്ള സർവേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമായിരുന്നു ആവശ്യം. ഈ ഹർജിയിലാണ് ഇപ്പോൾ കോടതിയുടെ ഇടപെടൽ.
സർവേയ്ക്ക് ധനകാര്യവകുപ്പിന്റെ അനുമതി ഇല്ലെന്നും അത്തരം പരിപാടികൾക്ക് പണം വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും സാമ്പത്തിക നയത്തിന്റെ വ്യതിചലനമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി സർവേ റദ്ദാക്കിയത്.
