'പാർട്ടി പറയുന്നതാണ് എന്നും പ്രധാനം'; മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ വി എ അരുൺകുമാർ



തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് സൂചന നൽകി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ. എന്റേത് പാർട്ടി കുടുംബമാണ്. മത്സരിക്കുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല. വിഎസിന്റെ മുൻ പി എ എ സുരേഷ് ആണ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെങ്കിൽ, സിപിഎം അരുൺകുമാറിനെ പരിഗണിക്കുന്നു എന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അതേപ്പറ്റി അറിയില്ല, ഞാൻ കേട്ടില്ല എന്നായിരുന്നു പ്രതികരണം.


എ സുരേഷ് മത്സരിക്കുന്നുണ്ടോ? അക്കാര്യം പ്രഖ്യാപിച്ചോയെന്നും അരുൺകുമാർ ചോദിച്ചു. സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ല. രാഷ്ട്രീയത്തിൽ താൽപ്പര്യമുണ്ടോയെന്ന ചോദ്യത്തിന്, നമ്മളെല്ലാം രാഷ്ട്രീയ കുടുംബമല്ലേ എന്നും അരുൺകുമാർ പറഞ്ഞു. പാർട്ടി പറയുന്നതാണ് എന്നും പ്രധാനം. എന്നാൽ ഇപ്പോൾ മത്സരിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല എന്നും അരുൺകുമാർ കൂട്ടിച്ചേർത്തു.


'മലമ്പുഴ അച്ഛന് വൈകാരികമായി വളരെ ബന്ധമുള്ള സ്ഥലമാണ്. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം ഒരു ചർച്ചയും നടത്തിയിട്ടില്ല'. പാർട്ടി കുടുംബം ആയതിനാൽ പാർട്ടി പറഞ്ഞാൽ തള്ളിക്കളയില്ല എന്നാണോയെന്ന ചോദ്യത്തിന്, 'ഇപ്പോൾ അങ്ങനെ വേണോ'യെന്നായിരുന്നു മറുചോദ്യം. സുരേഷ് മത്സരിക്കുന്നുവെങ്കിൽ അതെല്ലാം വ്യക്തിപരമായ തീരുമാനമാണെന്നും അരുൺകുമാർ പറ‍ഞ്ഞു.


വിഎസ് അച്യുതാനന്ദന് നൽകിയ പദ്മവിഭൂഷൺ പുരസ്‌കാരം വാങ്ങേണ്ടെന്നാണ് കുടുംബം തീരുമാനിച്ചത്. അച്ഛന് കിട്ടുന്ന എല്ലാ അംഗീകാരങ്ങളിലും കുടുംബത്തിന് വളരെ സന്തോഷമുണ്ട്. അത് തരുന്നവരോട് നന്ദിയുണ്ട്. എന്നാൽ ഈ പുരസ്‌കാരം വാങ്ങേണ്ട എന്നത് കുടുംബപരമായ തീരുമാനമാണെന്നും വിഎ അരുൺകുമാർ വ്യക്തമാക്കി. വിഎസിന്റെ മണ്ഡലമായ മലമ്പുഴയിൽ മകൻ വി എ അരുൺകുമാറിനെ പരിഗണിക്കുന്നതായി വാർത്തകളുണ്ടായിരുന്നു.

Previous Post Next Post