ഓ കേരളത്തിന് ആമ മുട്ട എന്നായിരുന്നല്ലേ; ട്രോളില്‍ നിറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയില്‍ വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

എയിംസ് അടക്കമുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേരളത്തിന് ലഭിച്ചത് ധാതു ഇടനാഴിയും കടലാമകള്‍ക്കായുള്ള പ്രത്യേക സംരക്ഷണകേന്ദ്രവുമാണ്.

എയിംസ് വരുമെന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിരന്തരമായ പ്രസ്താവനകള്‍ ഉള്‍പ്പെടെ കുത്തിപ്പൊക്കിയാണ് 'ആമ' ട്രോളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

'' കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഇത്തവണ കിട്ടിയത് ഒന്നാന്തരം ഒരു 'ആമ മുട്ട'യാണ്. എയിംസ് വരുമെന്നും അത് തൃശൂരിലോ ആലപ്പുഴയിലോ സ്ഥാപിക്കുമെന്നും നാടുനീളെ തള്ളി മറിച്ച മന്ത്രിമാർക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. എയിംസ് പോയിട്ട് ഒരു ജെംസ് മുട്ടായി പോലും ഇങ്ങോട്ട് തരാൻ കേന്ദ്രത്തിന് താല്പര്യമില്ലെന്ന് ഈ ബജറ്റോടെ തെളിഞ്ഞു. കേരളത്തില്‍ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാരെ കെട്ടിയെടുത്തു വിട്ടത് ഡല്‍ഹിയില്‍ പോയി കൈ കെട്ടി നിന്ന് പല്ലിളിക്കാനാണോ എന്ന് ജനങ്ങള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്'' എന്നാണ് സാമൂഹിക മാധ്യമത്തിലെ ഒരു കുറിപ്പ്.

''ആമ കൃഷിക്ക് എല്ലാവർക്കും ലോണ്‍ കേരളത്തിന് ആമയും തേങ്ങയും മാത്രം'' വി കെ പ്രശാന്ത് എം എല്‍ എയും വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
Previous Post Next Post