തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടി അധികാരം പിടിച്ച ബിജെപി കൗൺസിലർമാരെ ആദരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം. പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രത്യേക സ്വീകരണം നൽകും. ബിജെപി കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ മേയർ വി വി രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി കൗൺസിലർമാർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചു.
നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ കുത്തക തകർത്താണ് ഇക്കുറി ബിജെപി അധികാരം പിടിച്ചെടുത്തത്. കേരളത്തിലെ വിജയം ദേശീയതലത്തിൽ ആഘോഷിക്കാനാണ് ബിജെപി തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കൽ, ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കൽ തുടങ്ങിയവ പരിപാടിയിൽ ഉൾപ്പെടുന്നുണ്ട്.
മേയറുടെ നേതൃത്വത്തിൽ കൗൺസിലർമാർ ഫെബ്രുവരി 9 ന് കേരള എക്‌സ്പ്രസിൽ ന്യൂഡൽഹിയിലേക്ക് പോകുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ക്ഷണം ലഭിച്ചെന്നും, യാത്ര സംബന്ധിച്ച് രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം എടുക്കുമെന്നും മേയർ വി വി രാജേഷ് പറഞ്ഞു. ഫെബ്രുവരി 13 നാണ് അത്താഴവിരുന്ന്. അന്നു രാത്രി തന്നെ കൗൺസിലർമാർ തിരിച്ച് പുറപ്പെടും.
ട്രെയിന് കൂടുതൽ സമയം സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ അതത് സംസ്ഥാന യൂണിറ്റുകളുടെ നേതൃത്വത്തിൽ കൗൺസിലർമാർക്ക് സ്വീകരണ പരിപാടികൾ സംഘടിപ്പിക്കുമെന്നാണ് വിവരം. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിന് പിന്നാലെ, അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മേയർക്കും ഡെപ്യൂട്ടി മേയർക്കും പ്രധാനമന്ത്രി നേരിട്ട് കത്തെഴുതിയിരുന്നു. വിജയത്തെ 'യുഗത്തിന്റെ തുടക്കം' എന്നും 'സുവർണ്ണ ലിപികളിൽ എഴുതിയ നാഴികക്കല്ല്' എന്നും വിശേഷിപ്പിച്ചിരുന്നു.
101 അംഗ തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റുകളാണ് ബിജെപി നേടിയത്. ഒരു സ്വതന്ത്ര കൗൺസിലറുടെ കൂടി പിന്തുണയോടെയാണ് ചരിത്രത്തിലാദ്യമായി കേരളത്തിലെ ഒരു കോർപ്പറേഷനിൽ ബിജെപി അധികാരം നേടിയത്. നാലു ദശാബ്ദം ഭരണത്തിലിരുന്ന ഇടതുപക്ഷം രണ്ടാം സ്ഥാനത്തേക്കും, ഇത്തവണ അധികാരം നേടാമെന്ന് പ്രതീക്ഷിച്ചിരുന്ന യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
