കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരുടെ പങ്ക് തെളിയിക്കാൻ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലൻസ് കോടതി. ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കില്ല. തന്ത്രിക്കെതിരെ തെളിവ് ഹാജരാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം.
കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ തന്ത്രിയുടെ പങ്ക് നേരിട്ട് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ ഹാജരാക്കാൻ എസ്‌ഐടിക്ക് സാധിച്ചിട്ടില്ല. തന്ത്രിക്കെതിരായ ക്രിമിനൽ ഗൂഢാലോചനാ വാദം നിലനിൽക്കില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി. ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകളില്ല. ദ്വാരപാലകശിൽപ പാളികളും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിന്റെ രണ്ടു മഹസ്സറുകളിലും തന്ത്രി ഒപ്പിട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ പശ്ചാത്തലത്തിൽ ഗൂഢാലോചനാ വാദം എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ദേവസ്വം ബോർഡ് എന്തെങ്കിലും ചോദിക്കുമ്പോൾ മാത്രമാണ് തനിക്ക് അഭിപ്രായം പറയേണ്ടതുള്ളൂ എന്ന തന്ത്രിയുടെ വാദം കോടതി അംഗീകരിച്ചു. ബോർഡാണ് വസ്തുക്കളുടെ അറ്റകുറ്റപ്പണിയിൽ തീരുമാനം എടുക്കേണ്ട്. തന്ത്രിക്ക് അതിൽ ഒരു ചുമതലയുമില്ല. പൂജാവിധികൾ ഉൾപ്പെടെയുള്ള താന്ത്രികവിധികളിൽ മാത്രമാണ് ചുമതല. ഇക്കാര്യം ദേവസ്വം മാന്വലിൽ വ്യക്തമാണെന്നും കോടതി പറയുന്നു.
സ്വർണ്ണക്കൊള്ളയിലേക്ക് വഴിവെച്ച സ്വർണ്ണം പൂശൽ അടക്കമുള്ള കാര്യങ്ങൾ നടന്നത് ശ്രീകോവിലിന് പുറത്താണ് നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ തന്ത്രിക്ക് ഇതിൽ പങ്കില്ലെന്നാണ് കോടതി വിലയിരുത്തിയത്. തന്ത്രിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി 41 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് തന്ത്രി കണ്ഠരര് രാജീവര് ജയിൽമോചിതനായത്. കർശന ഉപാധികളോടെയാണ് ജാമ്യം. സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ശേഷം ഏറ്റവും വേഗം ജാമ്യം ലഭിച്ചതും തന്ത്രി കണ്ഠരര് രാജീവർക്കാണ്.
