തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഉണ്ടാകാൻ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയത്. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പ്രതിഷേധ ബാനർ പിടിച്ചതിന്റെ ഭാഗത്ത്, അങ്ങേയറ്റത്തുള്ള ആൾ ബാനറിന്റെ വടി കൊണ്ട് വാച്ച് ആന്റ് വാർഡിനെ തല്ലിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ആ ഘട്ടത്തിലാണ് വാച്ച് അന്റ് വാർഡ് തടുക്കാനും പിടിക്കാനും ശ്രമിച്ചത്. ഞങ്ങളെല്ലാം ഇതു നോക്കിക്കണ്ടതാണ്. സഭയിൽ ഒരു കാലത്തും ഇല്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പ്രകോപനപരമായ ഒരുകാര്യവും സഭയിൽ ഉണ്ടായിരുന്നില്ല. ആദ്യം ഒരു പ്രകോപനം ഉണ്ടായപ്പോഴാണ് സ്പീക്കർ സഭ നിർത്തിവെച്ചത്. പിന്നീടും സഭ തുടങ്ങിയപ്പോഴും പ്രകോപനം ആവർത്തിച്ചു. ബോധപൂർവം കുഴപ്പം സ്ൃഷ്ടിക്കാൻ വേണ്ടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിൽ ചെലവാകാത്ത കാര്യം, കോടതിയിൽ ചെലവാകാത്ത കാര്യം, കോടതിയിൽ നിന്നും അടിയേറ്റപ്പോൾ സഭയിൽ വന്ന് ബഹളം വെച്ച് കാര്യങ്ങൾ നേടാനാണ് നോക്കിയത്. പ്രതിപക്ഷ നേതാവ് സഭയിൽ നടന്ന അക്രമത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. സ്പീക്കറുടെ ഡയസിലേക്ക് ഒരു അംഗം ചാടിക്കയറാൻ ശ്രമിച്ചു. പിന്നാലെ മറ്റൊരംഗവും ചാടിക്കയറാൻ ശ്രമിച്ചു. നിയമസഭയിൽ കാണിക്കാൻ പാടില്ലാത്ത കോപ്രായങ്ങൾ എന്തിന് വേണ്ടിയാണ്. ഇത്തരം സമീപനങ്ങൾ പ്രതിപക്ഷം സ്വീകരിച്ചത് അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി അന്വേഷണത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നേതൃത്വത്തിലാണ് എസ്‌ഐടിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഡിവിഷൻ ബെഞ്ച് പരിശോധനകളും, നിരീക്ഷണങ്ങളും വിലയിരുത്തലുകളുമെല്ലാം നടത്തിയിട്ടുണ്ട്. ഡിവിഷൻ ബെഞ്ചിന്റെ വിലയിരുത്തൽ പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എസ്‌ഐടിയുടെ അന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് ഏതെല്ലാം തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടോ, അതിനെല്ലാം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. കേസിൽ ജാമ്യാപേക്ഷ ചെല്ലുന്നത് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുന്നിലല്ല. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മുന്നിലാണ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ജഡ്ജിമാർ ആ ഘട്ടത്തിൽ ചില പരാമർശങ്ങൾ നടത്തിയെന്നു വരും. അത് സർക്കാരിനെതിരായ പരാമർശമല്ല, ഹൈക്കോടതിക്കെതിരായിട്ടു തന്നെയുള്ള പരാമർശമാണ്. മുഖ്യമന്ത്രി പറഞ്ഞു.
കാരണം സ്വർണക്കൊള്ളയിൽ അന്വേഷണം നടക്കുന്നത് സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലല്ല. സർക്കാർ എസ്‌ഐടിക്ക് നിർദേശങ്ങൾ നൽകുന്നില്ല. എസ്‌ഐടി അന്വേഷണം പരിശോധിക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സിംഗിൾ ബെഞ്ച് സാന്ദർഭികമായി നടത്തുന്ന പരാമർശങ്ങൾ അന്വേഷണത്തിന് എതിരായ നിഗമനമാണെന്ന് കണക്കാക്കാനാവില്ല. അത്തരമൊരു നിഗമനം എടുക്കേണ്ടത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്. ഡിവിഷൻ ബെഞ്ച് അന്വേഷണത്തിൽ പൂർണ സംതൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
