'റോഷിക്ക് ചോരത്തിളപ്പ്; പാലായിൽ മത്സരിക്കുമെന്ന് പറഞ്ഞത് സ്‌നേഹക്കൂടുതൽ കൊണ്ട്'

കൊച്ചി : പാലായിൽ താൻ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത് സ്‌നേഹക്കൂടുതൽ കൊണ്ടെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. 'മത്സരിക്കേണ്ട എന്നു പറഞ്ഞില്ലല്ലോ?. അതേസമയം താനെന്നല്ല, ആരു മത്സരിക്കണമെന്ന കാര്യമെല്ലാം പാർട്ടി തീരുമാനിക്കുമെന്നും' ജോസ് കെ മാണി വ്യക്തമാക്കി.


ഇടതുമുന്നണിയുടെ മധ്യമേഖലാ വികസന മുന്നേറ്റ ജാഥ എറണാകുളം ജില്ലയിലെ കോതമംഗലത്തെത്തിയപ്പോൾ ജോസ് കെ മാണി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഈ പ്രതികരണം. 'റോഷി കേരള കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയിൽ നിന്നു വളർന്നു വന്ന ആളാണ്. ആ ചോരത്തിളപ്പ് ഇപ്പോഴുമുണ്ട്. മത്സരിക്കേണ്ട എന്നു പറഞ്ഞില്ലല്ലോ? മത്സരിക്കുന്നതിൽ തന്റേതാണെങ്കിലും മറ്റ് എംഎൽഎമാരുടെ കാര്യമാണെങ്കിലും പാർട്ടി ആലോചിച്ച് തീരുമാനിക്കും' ജോസ് കെ മാണി പറഞ്ഞു.


'തന്റെ കയ്യിൽ നിന്നു മൈക്കു പിടിച്ചു വാങ്ങി എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ വേണ്ട. റോഷിയുമായിട്ടുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും' ജോസ് കെ.മാണി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പാലായിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം അടിമാലിയിൽ വച്ചാണ് റോഷി അഗസ്റ്റിൻ പറഞ്ഞത്.


നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി നൽകിയത്. എന്നാൽ ഉടൻ അദ്ദേഹത്തിൽ നിന്ന് മൈക്ക് വാങ്ങി, 'ജോസ് കെ മാണി പാലായിൽത്തന്നെ മത്സരിക്കും. അത് പാർട്ടിയുടെ തീരുമാനമാണ്. സമയത്ത് പ്രഖ്യാപിക്കും. നല്ല വിജയം എല്ലാ മേഖലയിലും ഉണ്ടാകും' എന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.

Previous Post Next Post