തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയം ഇന്നും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള പോർവിളിയെത്തുടർന്ന് സഭ സ്തംഭിച്ചു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ചേംബറിനെ വളഞ്ഞു. ഇതിനിടെ സ്പീക്കറുടെ ചേംബറിലേക്ക് കയറാൻ ശ്രമിച്ച കോൺഗ്രസിലെ അൻവർ സാദത്ത് എംഎൽഎയെ വാച്ച് ആന്റ് വാർഡ് തടഞ്ഞു.
സ്പീക്കർ എ എൻ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനർ വലിച്ചുയർത്തുകയും ചെയ്തു. സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയർത്തിയത്. ബാനർ താഴ്ത്തണമെന്നും ഇല്ലെങ്കിൽ പിടിച്ചുമാറ്റുമെന്നും സ്പീക്കർ എ എൻ ഷംസീർ മുന്നറിയിപ്പ് നൽകി. യുഡിഎഫ് എംഎൽഎ ടി വി ഇബ്രാഹിമും സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കയറാൻ ശ്രമിച്ചു.
ശബരിമല സ്വർണക്കൊള്ള അന്വേഷണം വഴി മുട്ടിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ശക്തമാക്കിയതോടെയാണ് എസ്‌ഐടി അന്വേഷണം പ്രതിസന്ധിയിലായത്. പുറത്തുള്ള പ്രതികളെക്കുറിച്ച് അന്വേഷണം നടത്താതെ, ഉള്ള പ്രതികളെക്കൂടി പുറത്തിറങ്ങാൻ സഹായിക്കുന്ന തരത്തിൽ, അപകടകരമായ നിലയിലേക്ക് അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയിൽ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എംബി രാജേഷ് വിമർശിച്ചു. എല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് ഉള്ളത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് വായിൽ തോന്നിയത് പറഞ്ഞു എന്നുപറഞ്ഞയാലാണ് പ്രതിപക്ഷ നേതാവ്. കോടതിയിൽ തോറ്റാൽ നിയമസഭയിൽ എന്നതാണോ സ്ഥിതി. ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി രാജേഷ് കുറ്റപ്പെടുത്തി.
