പാലക്കാട്: സിപിഎം നേതാവും മുൻ എംഎൽഎയുമായ പി കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന. പാർട്ടിയുമായി അകന്നു കഴിയുന്ന പികെ ശശി പോയാലും കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടിരുന്നു.
ഗോവിന്ദന്റെ പ്രസ്താവനയാണ് പെട്ടെന്നുള്ള രാജിക്ക് ശശിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സിപിഎം ജില്ലാ നേതൃത്വവുമായി പി കെ ശശി ദീർഘകാലമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. കെടിഡിസി ചെയർമാൻ സ്ഥാനത്തു നിന്നും ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പി.കെ ശശിയെ അനുകൂലിക്കുന്ന വിഭാഗം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നു.
മണ്ണാർക്കാട്, കോങ്ങാട്, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിൽ പി കെ ശശിക്ക് സ്വാധീനമുണ്ട്. ശശിക്കെതിരെ മണ്ണാർക്കാട്ടെ സിപിഎം പ്രവർത്തകർ കൊലവിളി പ്രസംഗം നടത്തിയതും പാർട്ടിയുമായി അകലുന്നതിന് കാരണമായിരുന്നു. അടുത്തിടെ പി കെ ശശിയെ പരസ്യമായി തള്ളി സിപിഎം ജില്ലാ സെക്ട്രടറി ഇഎൻ സുരേഷ് ബാബുവും രംഗത്തു വന്നിരുന്നു. ബ്രാഞ്ചിലിരിക്കുന്നത് ശശിയുടെ കഴിവുകേടു കൊണ്ടാണെന്നായിരുന്നു സുരേഷ് ബാബു അഭിപ്രായപ്പെട്ടത്.
സിപിഎം വിട്ടാൽ പി കെ ശശി കോൺഗ്രസിൽ ചേരുമോ, അതോ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമോ എന്നതും പാലക്കാട്ടെ ജനങ്ങൾ ഉറ്റുനോക്കുന്നു. ഷൊർണൂരിൽ മൽസരിച്ചാൽ ശശിക്ക് വിജയിക്കാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാൽ യാതൊരു സ്വാധീനവും ശശിക്ക് ഉണ്ടാക്കാനാവില്ലെന്നാണ് സിപിഎം പറയുന്നത്. വി.കെ ശ്രീകണ്ഠൻ എം.പി ശശിയുമായി സംസാരിച്ചിരുന്നു.
മന്ത്രി എം ബി രാജേഷുമായുള്ള ശക്തമായ അഭിപ്രായവ്യത്യാസമാണ് ശശിയെ പാർട്ടിയുടെ നടപടിക്ക് വിധേയമാക്കിയത്. ലൈംഗികാരോപണത്തെക്കുറിച്ച് എകെ ബാലനും പികെ ശ്രീമതിയും നടത്തിയ അന്വേഷണത്തെതുടർന്നാണ് ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. 2011-2016 കാലത്താണ് പി കെ ശശി ഷൊർണൂർ എംഎൽഎ ആയിരുന്നത്. 2024 ഒക്ടോബറിലാണ് പാർട്ടിയുടെ നേതൃനിരയിൽനിന്ന് ജില്ലാ കമ്മിറ്റിയംഗമായിരുന്ന ശശിയെ പാർട്ടി പുറത്താക്കിയത്.
