ഹോട്ടൽ മുറിയിൽ മലയാളി നടിയെ കടന്നുപിടിക്കാൻ ശ്രമം; ചെന്നൈയിൽ യുവാവ് അറസ്റ്റിൽ

ചെന്നൈ: ഹോട്ടൽ മുറിയിലെ ഫോൺ നന്നാക്കാനെത്തിയ യുവാവ് മലയാളി നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതായി പരാതി. യുവനടി ബഹളം വച്ചതിനെ തുടർന്നു യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ നാഗപട്ടണം സ്വദേശി സയീദ് അഫ്രീദിയെ അറസ്റ്റ് ചെയ്തു.


ശനിയാഴ്ച രാത്രിയാണ് സംഭവം. ഷൂട്ടിങ്ങിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ് യുവനടി ചെന്നൈയിൽ എത്തിയത്. ടി നഗറിലെ പ്രമുഖ ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. അതിനിടെ വൈകുന്നേരം ഇവരുടെ മുറിയിലെ ഇന്റർകോം തകരാറിലായി. ഉടൻ തന്നെ റിസപ്ഷനിൽ വിളിച്ചുപറഞ്ഞു. ഇതനുസരിച്ച് ഫോൺ ശരിയാക്കാൻ എത്തിയ 20കാരനായ യുവാവ് തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.


ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ കൺമുന്നിൽ നിൽക്കുന്നത് നടിയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് സെൽഫി വേണമെന്ന് ആദ്യം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം നിരസിച്ചതോടെ ആലിംഗനം ചെയ്യണമെന്നായി യുവാവ്. ഇതിന് യുവാവ് ശ്രമിച്ചപ്പോൾ യുവനടി ബഹളം വെച്ചു. ഇതിന് പിന്നാലെ യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടി എന്നാണ് പരാതിയിൽ പറയുന്നത്.


പാർട്ട് ടൈം ജോലി ചെയ്യുന്ന ചെന്നൈയിലെ കോളജ് വിദ്യാർഥിക്കെതിരെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ യുവാവ് ആരോപണം നിഷേധിച്ചു. യുവനടി രേഖാമൂലം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

Previous Post Next Post