സ്ഥാനാര്‍ഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്; തോറ്റാല്‍ പിന്നെ വേറെ പദവിയില്ലെന്ന് കെസി വേണുഗോപാല്‍



തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവർക്ക് മറ്റ് പദവികൾ ലഭിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേർന്ന കെപിസിസി നേതൃയോഗത്തിലാണ് വേണുഗോപാൽ പാർട്ടി നിലപാട് വ്യക്തമാക്കിയത്.


പരാജയപ്പെട്ടാലും സർക്കാർ വന്നാൽ പദവികൾ ലഭിക്കുമെന്ന് ആരും കരുതേണ്ട. അർഹതയുണ്ടായിട്ടും സ്ഥാനാർഥിത്വം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്. ബോർഡ്, കോർപ്പറേഷൻ പദവികൾ അവർക്കു നൽകും. ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാവണം സ്ഥാനാർഥി നിർണയമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.


തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കളടക്കമുള്ളവരുടെ ഭവനസന്ദർശനത്തിന് ഈ മാസം 20ന് തുടക്കമാകും. 28വരെയാണ് ഭവന സന്ദർശനം നടത്തുക. നേതാക്കളും ഭവനസന്ദർശനത്തിന്റെ ഭാഗമാകും. കേന്ദ്ര-സംസ്ഥാന സർക്കാരിനെതിരെയുള്ള ലഘുലേഖകൾ വിതരണം ചെയ്യും. അന്തിമ വോട്ടർ പട്ടിക സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റികളോട് കെപിസിസി നിർദ്ദേശിച്ചു.


എസ്‌ഐആറിൽ പുറത്തായവരെ കണ്ടെത്തി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടുന്നതിൽ സംസ്ഥാന വ്യാപകമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൽ കാണിച്ച ജാഗ്രത വലിയ വിജയമായെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

Previous Post Next Post