തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും ഒരു രൂപയുടെ പോലും സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന് ദേവസ്വം മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു. ഇഡിക്ക് നൽകിയ മൊഴിയിലെ വിവരങ്ങളാണ് പുറത്തു വന്നത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇഡി കേസെടുത്ത് അന്വേഷണം നടത്തുന്നത്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ല. അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് ഇ ഡിക്ക് മുരാരി ബാബു മൊഴി നൽകിയത്. സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളമാണ് മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്തത്.
ആവശ്യമെങ്കിൽ വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നൽകിയാണ് മുരാരി ബാബുവിനെ ഇഡി വിട്ടയച്ചത്. മുരാരി ബാബു നൽകിയ വിശദീകരണങ്ങളിൽ ഇഡി തൃപ്തരല്ല. മുരാരി ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് ഇഡിയുടെ നിഗമനം. 2019-25 കാലയളവിൽ മുരാരി ബാബുവിന്റെ സ്വത്തുക്കളിൽ വൻ വർധനയുണ്ടായിട്ടുണ്ട്. 2021 ൽ നടത്തിയ വീടു നിർമ്മാണത്തിൽ പണത്തിന്റെ ഉറവിടം അടക്കം അന്വേഷിക്കുന്നുണ്ട്. ശബരിമലയിൽ സ്വർണ കൊള്ള മാത്രമല്ല, കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്നാണ് ഇ ഡിയുടെ വിലയിരുത്തൽ.
