ആഗോള അയ്യപ്പസംഗമത്തില്‍ സാമ്പത്തിക തട്ടിപ്പ്: നന്ദഗോവിന്ദം ഭജന്‍സിന് 8 ലക്ഷം രൂപയുടെ ബില്‍; ദേവസ്വം ബോര്‍ഡിനെതിരെ ഗുരുതര ആരോപണം.


കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകളില്‍ ഗുരുതര ക്രമക്കേട് നടന്നെന്ന സംശയം ശക്തമാകുന്നു.

നന്ദഗോവിന്ദം ഭജന്‍സ് എന്ന സംഘത്തിന്റെ പേരില്‍ 8 ലക്ഷം രൂപ ചെലവഴിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നു. എന്നാല്‍, സംഗമത്തില്‍ ആ സംഘത്തെ ക്ഷണിച്ചിട്ടില്ലെന്നും അവര്‍ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്നും നന്ദഗോവിന്ദം ഭജന്‍സ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഗമദിനമായ സെപ്റ്റംബര്‍ 20-ന് രാവിലെ 8.30-ന് നടന്ന ഭക്തിഗാനസദസ് അവതരിപ്പിച്ചത് ഗായകന്‍ ഇഷാന്‍ ദേവ് ന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. മുഖ്യമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് ഈ പരിപാടി അവസാനിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ കലാപരിപാടികള്‍ക്ക് 2 ലക്ഷം രൂപ ബജറ്റ് നിശ്ചയിച്ചിരുന്നതായി രേഖകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍, പിന്നീട് നന്ദഗോവിന്ദം ഭജന്‍സിന് 8 ലക്ഷം രൂപ നല്‍കിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്നത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. പമ്പയിലോ സന്നിധാനത്തിലോ ഇതുവരെ പരിപാടികള്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് നന്ദഗോവിന്ദം ഭജന്‍സ് പ്രവര്‍ത്തകര്‍ പറയുന്നത്.

ഇഷാന്‍ ദേവിന്റെ സംഘത്തിന് എത്ര തുക നല്‍കിയെന്ന വിവരവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. കൂടാതെ, വൈകിട്ട് 4.30-ഓടെ നടന്ന അയ്യപ്പഭക്തിഗാനമേളയില്‍ വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഇവര്‍ സൗജന്യമായി പരിപാടി അവതരിപ്പിച്ചതായാണ് ദേവസ്വവുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാല്‍ ഈ പരിപാടിയുമായി ബന്ധപ്പെട്ട ചെലവുകളുടെ കണക്കുകളും വ്യക്തമാക്കിയിട്ടില്ല.
ഓഡിറ്റ് റിപ്പോര്‍ട്ടും ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ ബില്‍ തയ്യാറാക്കിയതടക്കമുള്ള ക്രമക്കേടുകള്‍ക്കുറിച്ച്‌ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് ദേവസ്വം ബെഞ്ചിലെ ജസ്റ്റിസ് രാജാ വിജയരാഘവനും ജസ്റ്റിസ് വി. ജയകുമാറും നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 27-നകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.

Previous Post Next Post