എരുമേലിയിൽ രേഖകളില്ലാത്ത 61.10 ലക്ഷം രൂപയും വിദേശ കറൻസിയും പിടികൂടി

 എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് രേഖകളില്ലാതെ കൈവശം വച്ചിരുന്ന 61,10,000 രൂപയും മലേഷ്യൻ കറൻസിയും പൊലീസ് പിടികൂടി. ഇന്ന് (26.02.2026) രാവിലെ എരുമേലി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി.
കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമംഗത്തിൽ നിന്ന് ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കി എരുമേലി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു. ഇ.ഡി.യുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെ 9.15ഓടെ എരുമേലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ തെക്ക് ഭാഗത്ത്, എരുമേലി ശ്രീധർമശാസ്താ ക്ഷേത്രം പ്രവേശന വഴിയോട് ചേർന്നാണ് സംശയാസ്പദ സാഹചര്യത്തിൽ രണ്ടുബാഗുകളും ഒരു ഷിമ്മി കൂടുമായി അബ്ദുൾ ഷുക്കൂർ (വയസ് 72), മാളികവീട്, വാവർ സ്കൂൾ ഭാഗം, എരുമേലി എന്നയാളെ പൊലീസ് പരിശോധന നടത്തിയത്.
ബാഗുകൾ പരിശോധിച്ചപ്പോൾ പത്രത്തിൽ പൊതിഞ്ഞ് സെലോഫൈൻ ടേപ്പ് ഒട്ടിച്ച നിലയിൽ ഇന്ത്യൻ കറൻസി നോട്ടുകൾ കണ്ടെത്തി. കേരള ബാങ്കിൽ നിന്ന് നോട്ട് എണ്ണൽ മെഷീൻ എത്തിച്ച് പൊതുജന സാക്ഷികളുടെ സാന്നിധ്യത്തിൽ നടത്തിയ എണ്ണലിൽ 500 രൂപയുടെ 120 കെട്ടുകൾ (ഓരോന്നിലും 100 നോട്ടുകൾ), കൂടാതെ മറ്റു 500, 200 രൂപ നോട്ടുകൾ ഉൾപ്പെടെ ആകെ 61,10,000 രൂപ കണ്ടെത്തി.
കൂടാതെ ബാഗിന്റെ രഹസ്യ അറയിൽ നിന്ന് മലേഷ്യൻ റിങ്ങിറ്റ് കറൻസികളും കണ്ടെത്തി. 100, 50, 20, 5, 1 എന്നീ മൂല്യമുള്ള നോട്ടുകൾ അടങ്ങിയ വിദേശ കറൻസിയാണ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മൊബൈൽ ഫോണുകളും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും പൊലീസ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത ഇന്ത്യൻ കറൻസികൾ തുടർനടപടികൾക്കായി ഇൻകം ടാക്സ് വകുപ്പിനും വിദേശ കറൻസികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൈമാറും. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
പണം കൈവശം വച്ചതിനുള്ള മതിയായ രേഖകൾ ഹാജരാക്കാനാകാത്തതിനാൽ അബ്ദുൾ ഷുക്കൂറിനെ പൊലീസ് ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്വേഷണം തുടരുന്നു.
Previous Post Next Post