ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിൽ നടപ്പിലാക്കിയ 283.60 കോടി രൂപയുടെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിനു സമര്‍പ്പിക്കും.സര്‍ജിക്കല്‍ ബ്ലോക്ക്, സ്‌കിന്‍ബാങ്ക്, കാത്ത്‌ലാബ്, ഹോസ്റ്റല്‍, മദര്‍ ന്യൂബോണ്‍ കെയര്‍, ക്രഷ്, ലാക്‌ടേഷന്‍ മാനേജ്മെന്‍റ് സെന്‍റര്‍ തുടങ്ങി വികസന പദ്ധതികളാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയത്. ഉദ്ഘാടന സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന്‍ സ്വാഗതം പറയും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോസ് കെ. മാണി എംപി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാനത്ത് ആദ്യമായി കോട്ടയം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മികവിന്‍റെ പടവിലാണ്. ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ മൂന്നു പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളജിന് മാറാൻ സാധിച്ചു.
ഡല്‍ഹി എയിംസിനു ശേഷം സര്‍ക്കാര്‍ മേഖലയില്‍ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആദ്യമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നടത്തിയത്. ഹൃദയമാറ്റ ശസ്ത്രക്രിയയില്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന സ്ഥാപനമായി ഉയർന്നു. വികസനത്തിനൊപ്പം ചികിത്സയിലും മുന്നേറ്റം നടത്താന്‍ കോട്ടയം മെഡിക്കല്‍ കോളജിനു സാധിച്ചു