കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. സ്വർണവില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മോഷണത്തിനുള്ള സാധ്യത മുന്നിൽ കണ്ട് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. അയൽപക്കക്കാരുമായി നല്ല ബന്ധം പുലർത്തി ഫോൺ നമ്പറുകൾ കൈമാറണം. അസ്വാഭാവികമായി ആരെയെങ്കിലും കണ്ടാൽ ഉടൻ വിവരം അറിയിക്കണമെന്നും കേരള പൊലീസിന്റെ മാർഗനിർദേശത്തിൽ പറയുന്നു.
രാത്രിയിൽ വീടിനു ചുറ്റും ലൈറ്റ് ഉറപ്പാക്കണം. അസാധാരണ ശബ്ദം കേട്ടാൽ കതക് തുറക്കാതെ അയൽക്കാരെ വിവരം അറിയിക്കണം. സംശയകരമായ തരത്തിൽ അപരിചിതരെ കണ്ടാൽ അവരുടെ ഫോട്ടോയെടുത്ത് പൊലീസിന്റെ 112 നമ്പറിൽ വിളിച്ചറിയിക്കണം. പഴയ സാധനങ്ങൾ വാങ്ങാൻ വരുന്നവരെ സംശയം തോന്നിയാൽ പൊലീസിനെ അറിയിക്കണം. രാത്രി 11 മുതൽ പുലർച്ചെ നാലുമണി വരെ പ്രത്യേകം ശ്രദ്ധിക്കണം. സംഘം ചേർന്നുള്ള നിരീക്ഷണത്തിന് ശ്രമിക്കണം. കഴിയുന്നത്ര നിരീക്ഷണ കാമറകൾ സ്ഥാപിക്കണം. മൊബൈലുമായി ബന്ധിപ്പിക്കുന്ന അലാം ഘടിപ്പിക്കുക. വീട് പൂട്ടി പുറത്തുപോകുന്നവർ അയൽക്കാരെയും പൊലീസിനെയും അറിയിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
വില പിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക, വിനോദയാത്ര പോകുന്നവർ പൊലീസ് സ്റ്റേഷനിലെ ആപ്പിൽ വിവരം രേഖപ്പെടുത്തുക, അവരുടെ ലൊക്കേഷനും മറ്റു വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താതിരിക്കുക, ബൈക്കുകളിൽ ചീറിപ്പായുന്നവരുടെ നമ്പർ പ്ലേറ്റിന്റെ പടം എടുത്ത് പൊലീസിന് കൈമാറുക, മൊബൈൽ ഫോണുകൾ അലക്ഷ്യമായി ഇടാതിരിക്കുക, സ്വർണം, പണം എന്നിവ ആരാധനാലയങ്ങളിൽ സൂക്ഷിക്കാതിരിക്കുക, അമ്പലകമ്മിറ്റികളും പള്ളിക്കമ്മിറ്റികളും നിർബന്ധമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് നൽകുന്നത്.
