കൊച്ചി: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള ഓഡിറ്റ് റിപ്പോർട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശം. പത്തു ദിവസത്തിനുള്ളിൽ വരവ്, ചെലവ് കണക്കുകൾ ഉൾപ്പെടെ കൃത്യമായ കണക്ക് നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. കണക്കുകൡ പൊരുത്തക്കേടുകളുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമായെന്നാണ് റിപ്പോർട്ട്. സ്പെഷൽ കമ്മീഷണർ ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ബോർഡിന് ചെലവായ തുക പൂർണമായും സ്പോൺസർഷിപ്പിലൂടെ കിട്ടിയില്ല. അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് അഡ്വാൻസായി നൽകിയത് മൂന്നു കോടി രൂപയാണ്. ഫണ്ട് വിനിയോഗത്തിൽ അവ്യക്തതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അയ്യപ്പസംഗമം തീരുമാനിച്ച വിവരം ദേവസ്വം മിനിറ്റ്‌സിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ആഗോള അയ്യപ്പ സംഗമം നടത്തിയത്. അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരിൽ നിന്നോ ദേവസ്വം ബോർഡിൽ നിന്നോ കൈപ്പറ്റാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിർദേശം.അയ്യപ്പ സംഗമത്തിനായി തനതു ഫണ്ട് വിനിയോഗിക്കാനും, സ്‌പോൺസർഷിപ്പ് പണം ലഭിക്കുമ്പോൾ ആ തുക തിരികെ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നത്. ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നാണ് 3.4 കോടി രൂപ നൽകിയിരുന്നത്.
