സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സ്വന്തമായി ഒരു സംസ്ഥാന സൂക്ഷ്മാണുവിനെ(മൈക്രോബ്) പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു.
ഈ മാസം 23-ന് തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രയിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.
സാധാരണയായി രോഗകാരികളെന്ന ധാരണയില്‍ മാത്രം പൊതുസമൂഹം നോക്കിക്കാണുന്ന സൂക്ഷമാണുക്കള്‍ ദഹനം, രോഗപ്രതിരോധം, മണ്ണിന്റെ ആരോഗ്യസംരക്ഷണം, മികച്ച വിളവ്, പരിസ്ഥിതി സന്തുലനം തുടങ്ങിയ മേഖലകളില്‍ ഗുണകരമായ പങ്കുവഹിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തില്‍ സൂക്ഷ്മാണുക്കള്‍ നല്‍കുന്ന അനന്തമായ ഗുണഫലങ്ങളെക്കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ ഡയറക്ടറായ ഡോ. സാബു തോമസാണ് സംസ്ഥാന സൂക്ഷ്മാണു എന്ന ആശയം മുന്നോട്ടുവച്ചത്.
മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്തുകയുമാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സൂക്ഷ്മാണുക്കള്‍ കേവലം രോഗകാരികളല്ലെന്നും കൃഷി, ആരോഗ്യം, പരിസ്ഥിതി എന്നിവയില്‍ അവ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുക. ലൈഫ് സയന്‍സ് രംഗത്തേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുകയും നൂതന പഠനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുക. കൃഷിയിലും മറ്റും രാസവസ്തുക്കളുടെ ഉപയോഗം കുറച്ച് പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ സൂക്ഷ്മാണുക്കളെ ഉപയോഗിക്കുക.
2013ല്‍ ഇന്ത്യ 'ലാക്ടോബാസില്ലസ് ഡെല്‍ബ്രൂക്കി' എന്ന ബാക്ടീരിയയെ ദേശീയ സൂക്ഷ്മാണുവായ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കേരളം ഇപ്പോള്‍ സംസ്ഥാന തലത്തില്‍ ഈ തീരുമാനം കൈക്കൊള്ളുന്നത്. പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ ദഹനസഹായവും പ്രതിരോധശക്തി വര്‍ധനയും നല്‍കുന്ന പ്രോബയോട്ടിക് ഗുണങ്ങളുള്ള ബാക്ടീരിയയാണ് ഇത്. സംസ്ഥാന സൂക്ഷമാണുവിനെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കിന്‍ഫ്രയില്‍ ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമിന്റെ സമര്‍പ്പണവും റിസര്‍ച്ച് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ലാന്‍ഡ്സ്‌കേപ് ഓഫ് മൈക്രോബയോം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.