ഉത്തരം താങ്ങുന്നത് താനാണെന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കെന്ന് മുൻ സിപിഎം എംപി

 

പാലക്കാട്: സിപിഐക്കെതിരെ രൂക്ഷവിമർശനവുമായി മുൻ എംപിയും സിപിഎം നേതാവുമായ എസ് അജയകുമാർ. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നത്. ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളതെന്നും അജയകുമാർ പറഞ്ഞു. ദീർഘനാളായി സിപിഎം - സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന ഒറ്റപ്പാലത്തെ മണ്ണൂരിലെ പൊതുയോഗത്തിലായിരുന്നു പരാമർശം


'ഒരു നാലാകിട രാഷ്ട്രീയ നേതാവിനെ പോലെയാണ് ബിനോയ് വിശ്വം പെരുമാറിക്കൊണ്ടിരിക്കുന്നത്. ജയിച്ചാൽ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്ന ഒരു പ്രത്യേക തരം സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനമായി സിപിഐ മാറി. ഉത്തരം താങ്ങുന്നത് പല്ലിയാണെന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്ക് ഉള്ളത്. കേവലം അഞ്ച് ശതമാനം വോട്ട് മാത്രമാണ് കേരളത്തിൽ സിപിഐക്ക് ഉള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്നാൽ ജയിക്കാൻ കെൽപ്പുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല സിപിഐ. ഒരസംബ്ലി മണ്ഡലത്തിൽ പോയിട്ട് ഒരു പഞ്ചായത്തിൽ വേണ്ടേ. ഞങ്ങൾ കാണിച്ചുതരാമെന്ന് പറഞ്ഞല്ലേ മണ്ണൂർ പഞ്ചായത്തിൽ മത്സരിച്ചത്. എന്നിട്ട് എന്തായി?. അധികാരം, ധാർഷ്ട്യം. അതിരുകടന്ന അവകാശവാദം മണ്ണൂർ പഞ്ചായത്തിൽ സിപിഐയുടെ അന്ത്യം കുറിക്കുന്ന ജനവിധിയായി' - എസ് അജയകുമാർ പറഞ്ഞു.


എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ നാലാളുള്ളിടത്ത് അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കം ആണോ എന്നും എസ് അജയകുമാർ ചോദിച്ചു.

Previous Post Next Post