തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം മന്ത്രി; അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി


തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കാതെ ദേവസ്വം മന്ത്രി വി എൻ വാസവൻ. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് മന്ത്രിയുടെ നിലപാട്. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാണ്, അതിനിടയിൽ ഓരോ സംഭവത്തിനും പ്രതികരിക്കുന്നത് ശരിയല്ലെന്നും ദേവസ്വം മന്ത്രി അറിയിച്ചു.


അതേസമയം, സ്വർണക്കൊള്ള അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. എസ്‌ഐടി പ്രവർത്തിക്കുന്നത് കോടതിയുടെ നിർദേശ പ്രകാരമാണ്. അന്വേഷണ സംഘത്തിന് നടപടി സ്വീകരിക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ട്. അറസ്റ്റ് സംബന്ധിച്ച മറ്റ് വിവരങ്ങൾ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി മാധ്യമങ്ങളോട് പ്രതികരിച്ചു.


എസ്ഐടി സംഘത്തിന്റെ മേൽനോട്ട ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ നാലു മണിക്കാണ് തന്ത്രി കണ്ഠര് രാജീവര് ചോദ്യം ചെയ്യാനായി എസ്ഐടിക്ക് മുന്നിലെത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Previous Post Next Post