തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വേദികൾക്ക് പൂക്കളുടെ പേര് നൽകിയപ്പോൾ താമര ഒഴിവാക്കിയെന്ന വിവാദത്തിന് വിരാമം. വേദികളിൽ ഒന്നിന് താമര എന്ന് പേര് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. താമര എന്ന പേര് ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15-ാമത്തെ വേദിക്കാണ് ആണ് താമര എന്ന പേര് നൽകിയത്.
കലോത്സവം നന്നായി നടത്തി എല്ലാവരുമായി സഹകരിച്ച് പോകാനാണ് ആഗ്രഹമെന്നും പേരുമാറ്റം വിശദീകരിച്ച് മന്ത്രി പറഞ്ഞു. ഒരു വഴക്കിനും വാക്കേറ്റത്തിനും ഇല്ല. താമര വിവാദം ആക്കേണ്ട കാര്യം ഇല്ല. കുഞ്ഞുമക്കൾ പങ്കെടുക്കുന്ന പരിപാടി വഴക്കും വക്കാണത്തിലും അല്ല നടത്തേണ്ടത്. വേദി 15ന് ഡാലിയ എന്നായിരുന്നു മുന്നേ നിശ്ചയിച്ച പേര്. അത് മാറ്റി താമര എന്നാക്കിയിട്ടുണ്ട്. ആർക്കും വഴങ്ങിയിട്ടല്ല, വിവാദം തീർക്കാനാണ് ശ്രമിക്കുന്നതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ആരോപിച്ച് ബിജെപി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പേരുകൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുൽമോഹർ, ചെമ്പരത്തി, കർണികാരം, നിത്യകല്ല്യാണി, പനിനീർപ്പു, നന്ത്യാർവട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പൽപ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂ, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ 25 പൂക്കളുടെ പേരുകളാണ് വേദികൾക്ക് നൽകിയത്.
അതേസമയം, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായി തൃശൂർ പൂർണസജ്ജമായതായും മന്ത്രി അറിയിച്ചു. 'ഉത്തരവാദിത്ത കലോത്സവം' എന്ന ആശയത്തിലൂന്നി ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചാകും മേള നടക്കുക. വേദികളുടെയും പന്തലുകളുടെയും നിർമ്മാണം പൂർത്തിയായി വരുന്നു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി ലഭ്യമാക്കും. ദീപാലങ്കാരം, കുറ്റമറ്റ ശബ്ദസംവിധാനം എന്നിവയെല്ലാം സജ്ജമാണ്. ലോത്സവത്തിനെത്തുന്നവർക്ക് നമ്മുടെ രുചിഭേദങ്ങൾ ആസ്വദിക്കാൻ വിപുലമായ കലവറ ഒരുങ്ങിക്കഴിഞ്ഞു. താമസ സൗകര്യമൊരുക്കുന്ന സ്‌കൂളുകളിൽ വെളിച്ചം, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.
മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും യാത്ര ചെയ്യാൻ ആവശ്യമായ വാഹന സൗകര്യങ്ങൾ ഉറപ്പാക്കി. വേദികളിലെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷയ്ക്കുമായി പോലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം 24 മണിക്കൂറും ലഭ്യമാക്കും. സ്വർണ്ണക്കപ്പ് ഘോഷയാത്ര, വർണ്ണാഭമായ ഉദ്ഘാടന ചടങ്ങ്, സാംസ്‌കാരിക ഘോഷയാത്ര എന്നിവയോടെ കലോത്സവം വൻ വിജയമാക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഒപ്പം ഏവരുടെയും സഹകരണവും മന്ത്രി അഭ്യർത്ഥിച്ചു.
