കോട്ടയം: രണ്ട് കേരള കോൺഗ്രസുകളുടെ നിർണായക സമ്മേളനത്തിന് ഒരേ ദിനം കോട്ടയം വേദിയാകുന്നു. ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗവും പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസിന്റെ സ്‌പെഷ്യൽ കൺവെൻഷനും പതിനാറിന് കോട്ടയത്ത് നടക്കും.
സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് പതിനാറിന് രാവിലെ പതിനൊന്ന് മുതൽ വൈകീട്ട് നാലുവരെയാണ്. പാർട്ടിയുടെ നിലപാട് സ്റ്റിയറിങ് കമ്മിറ്റിക്കുശേഷം വൈകീട്ടോടെ വ്യക്തമാകും. കെസി മാമ്മൻ മാപ്പിള ഹാളിൽ ഉച്ചയ്ക്ക് രണ്ടുമുതലാണ് കേരള കോൺഗ്രസിന്റെ സ്‌പെഷ്യൽ കൺവെൻഷനും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം, പുറത്തുനിഷേധിക്കുന്നുണ്ടെങ്കിലും കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റചർച്ചകൾക്ക് ഗതിവേഗം കൂടി. ഗൾഫ് സന്ദർശനത്തിന് ശേഷം ജോസ് കെ മാണി തിരിച്ചെത്തിയതോടെയാണ് പാർട്ടിയിൽ കൂടിയാലോചനകൾ ശക്തമാകുന്നത്. യുഡിഎഫിലേക്കുള്ള പ്രവേശനം സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ മാണിയുമായി ചർച്ചകൾ നടത്തിയതായാണ് വിവരം. പാലാ സീറ്റ് വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ മുന്നണി മാറ്റത്തിനോട് റോഷി മന്ത്രി റോഷി അഗസ്റ്റിൻ, റാന്നി എംഎൽഎ പ്രമോദ് നാരായൺ എന്നിവർ അനുകൂലിച്ചിട്ടില്ല. എന്നാൽ ജോസിനെ തിരികെ മുന്നണിയിലേക്ക് എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പിജെ ജോസഫും കൂട്ടരും. എന്തായാലും ഇക്കാര്യത്തിൽ തീരുമാനം മറ്റന്നാൾ ഉണ്ടായേക്കും.
