നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടമാക്കി നടനും ബിജെപി നേതാവുമായ കെ.കൃഷ്ണകുമാർ നേരത്തെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും താൻ വട്ടിയൂർക്കാവിനൊപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി വീഡിയോയുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാർ.
വട്ടിയൂർക്കാവിനെ വികെ പ്രശാന്ത് എംഎല്‍എ ചതിച്ചെന്നും അവഗണനയ്ക്കെതിരെ ജനശബ്ദം ഉയരണമെന്നും താൻ കൂടെയുണ്ടാകുമെന്നാണ് കൃഷ്ണകുമാർ പറയുന്നത്. വട്ടിയൂർക്കാവിലെ ഗതാഗതക്കുരുക്കഴിയാൻ ഏറെ ഘോഷിച്ച് കൊണ്ടുവന്ന ജംഗ്ഷൻ വികസന പദ്ധതി ഭരണകൂടത്തിന്‍റെ അട്ടിമറികൊണ്ട് എങ്ങുമെത്തിയില്ലെന്ന് കൃഷ്ണകുമാർ ആരോപിച്ചു.
വി.കെ പ്രശാന്ത് ഏഴരക്കൊല്ലം ഭരിച്ചു. വികസനത്തിന്‍റെ പേരില്‍ കുടിയിറക്കപ്പെട്ടവരെ എംഎല്‍എ ചതിക്കുന്ന കാഴ്ചയാണ് കാണുന്നത്. ജംഗ്ഷൻ നവീകരണവും ഓടനവീകരണവും ഫുട്പാത്തുകള്‍, സ്ട്രീറ്റ് ലൈറ്റുകള്‍ ഒക്കെ സ്ഥാപിച്ച് വട്ടിയൂർക്കാവിനെ മികച്ച സാറ്റ്ലൈറ്റ് ജംഗ്ഷൻ ആക്കുമെന്നായിരുന്നു വികെ പ്രശാന്തിന്‍റെ വാഗ്ദാനം. എന്നാല്‍ കെട്ടിടങ്ങള്‍ പൊളിച്ച്, പകരം സംവിധാനം ഒരുക്കാതെ വ്യാപാരികളെ എംഎല്‍എ വഞ്ചിച്ചു. ഇനിയും ജനങ്ങളെ വിഢികളാക്കരുത്. അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ പരാജയം നേരിടുമെന്ന് കൃഷ്ണകുമാർ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും ഇത്തവണ വളരെ പ്രതീക്ഷയോടെ നോക്കുന്ന മണ്ഡലമാണ് വട്ടിയൂർകാവ്. ഒരിക്കല്‍ നഷ്ടപ്പെട്ട, നിലവില്‍ എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റായ വട്ടിയൂർകാവ് തിരികെ പിടിക്കാൻ കോണ്‍ഗ്രസും വിജയ സാധ്യതയുറപ്പിച്ച് ബിജെപിയും കളത്തിലിറങ്ങുന്നതോടെ ത്രികോണ പോരാട്ടം കനക്കും. സിറ്റിങ് എംഎല്‍എ വി.കെ പ്രശാന്ത് തന്നെ എല്‍ഡിഎഫിനായി രംഗത്തിറങ്ങുമെന്നും മുൻ വട്ടിയൂർക്കാവ് എംഎല്‍എ കെ മുരളീധരൻ മണ്ഡലം തിരികെ പിടിക്കാനായി തിരിച്ചെത്തുമെന്നുമാണ് വിലയിരുത്താല്‍. വട്ടിയൂർകാവില്‍ മത്സരിക്കാൻ താല്‍പ്പര്യമറിയിച്ച് ബിജെപി നേതാക്കളും രംഗത്തുണ്ട്. മേയർ പദവിയില്‍ നിന്നും തഴയപ്പെട്ട മുൻ ഡിജിപി ആർ ശ്രീലേഖയെ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ നിലപാട്. അതേസമയം ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വട്ടിയൂർക്കാവിനായി രംഗത്തുണ്ട്.