തിരുവനന്തപുരം: സംഘപരിവാർ നടത്തുന്ന അതേ വിദ്വേഷ പ്രചാരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹാശിസ്സുകളോടെ ചിലർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ കാറിൽ കയറി നടക്കുന്നയാളുകളാണ് ഈ വർഗീയ പ്രചാരണം നടത്തുന്നത്. മുഖ്യമന്ത്രിയാണ് ഇതിനുപിന്നിൽ. ഈ വർഗീയ പ്രചാരണം തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പിന് ശേഷവും കേരളത്തിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത് പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ നാവായിട്ടാണ് വേറെ ചിലർ പറയുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകളോട് പരോക്ഷമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എത്ര ഹീനമായ വർഗീയതയാണ് പറയുന്നത്. ലീഗ് കലാപം ഉണ്ടാക്കാൻ പോകുന്നുവെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. കേരളത്തിൽ ഭരിക്കുന്ന മുഖ്യമന്ത്രി, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നടപടിയെടുക്കേണ്ടതല്ലേ. പൊലീസ് അദ്ദേഹത്തിനു കീഴിലല്ലേ. പിണറായിക്ക് പറയാൻ പറ്റാത്തതെല്ലാം ബാക്കിയുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയാണ്. അതു തുടരട്ടെ. നിർത്തേണ്ട. തെരഞ്ഞെടുപ്പ് വരെ എല്ലാ ആഴ്ചയും ഇങ്ങനെയുള്ള ആളുകൾ വാർത്താസമ്മേളനം നടത്തണമെന്നാണ് അഭ്യർത്ഥിക്കാനുള്ളതെന്നും വിഡി സതീശൻ പറഞ്ഞു.
ബിജെപിയും ആർഎസ്എസും പറയുന്നത് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്നയാളാണ് പിണറായി വിജയൻ. ഇപ്പോൾ ചില വ്യക്തികളെ മുന്നിൽ നിർത്തി വർഗീയതയുണ്ടാക്കാൻ ശ്രമിക്കുന്നു. സിപിഐ നേതാവിനെ ചതിയൻ ചന്തുവെന്ന് വിളിക്കുന്നു. മുസ്ലിം ലീഗിനെതിരെ ചീത്ത വിളിക്കുന്നു. ഉമ്മൻചാണ്ടിയും ലീഗ് ഭരിച്ചിരുന്ന വിദ്യാഭ്യാസ വകുപ്പും എസ്എൻഡിപിക്കും എസ് എൻ ട്രസ്റ്റിനും നിരവധി സ്ഥാപനങ്ങൾ അനുവദിച്ചുകൊടുത്തിട്ടുണ്ട്. ഒരു മാധ്യമപ്രവർത്തകൻ ശരിയായ ചോദ്യം ചോദിച്ചപ്പോൾ, ആ റിപ്പോർട്ടറെ വർഗീയവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു. ഇതിനെല്ലാം കുട പിടിച്ചു കൊടുക്കുന്നത് പിണറായി വിജയനാണ്. വി ഡി സതീശൻ പറഞ്ഞു.
ആർഎസ്എസിനെ പ്രതിരോധിക്കുന്നത് സിപിഎമ്മാണെന്നാണ് മുഖ്യമന്ത്രി പറയുന്നത് നല്ല തമാശയാണ്. ആർഎസ്എസിന്റെ കൂടെ പിന്തുണയോടെ 1977 ൽ നിയമസഭയിലേക്ക് ജയിച്ചു വന്നയാളാണ് പിണറായി വിജയൻ. ആരോരുമറിയാതെ ഔദ്യോഗിക കാറു മാറ്റി മസ്‌കറ്റ് ഹോട്ടലിൽ പോയി ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ ആളാണ് പിണറായി. തൃശൂരിൽ ബിജെപിക്ക് ജയിക്കാൻ വേണ്ടി, എഡിജിപി അജിത് കുമാറിനെ വിട്ട് പൂരം കലക്കി, സുരേഷ് ഗോപിക്ക് ജയിക്കാൻ സൗകര്യം ഉണ്ടാക്കിക്കൊടുത്തയാളാണ് പിണറായി വിജയൻ. അമിത് ഷാ പറഞ്ഞപ്പോൾ പിഎം ശ്രീയിൽ ഒപ്പിട്ടുകൊടുത്തുവെന്നും വിഡി സതീശൻ പറഞ്ഞു.
