കേന്ദ്രത്തിന് മറുപടി; സ്വന്തമായി ദേശീയ പുസ്‌കാരങ്ങൾ പ്രഖ്യാപിച്ച് സ്റ്റാലിൻ, മലയാളം ഉൾപ്പെടെ ഏഴ് ഭാഷകളിൽ പുരസ്‌കാരം

 

ചെന്നൈ: കേന്ദ്ര സർക്കാരും തമിഴ്നാടും തമ്മിലുള്ള രാഷ്ട്രീയ തർക്കം സാഹിത്യ മേഖലയിലേക്കും. സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ റദ്ദാക്കിയ കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് സർക്കാർ സ്വന്തമായി ദേശീയ തലത്തിലുള്ള സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 'സെമ്മൊഴി സാഹിത്യ പുരസ്‌കാരം' എന്ന പേരിലാണ് പരസ്‌കാരം അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി.


കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം തടഞ്ഞ സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് തമിഴ്‌നാടിന്റെ നീക്കം. മലയാളം ഉൾപ്പെടെ ഏഴ് പ്രധാന ഇന്ത്യൻ ഭാഷകളിലും തമിഴിലും മികച്ച സാഹിത്യ സൃഷ്ടികൾക്ക് തമിഴ്നാട് സർക്കാർ പുരസ്‌കാരം നൽകുമെന്നാണ് സ്റ്റാലിന്റെ പ്രഖ്യാപനം. കലയെയും രാഷ്ട്രീയവൽക്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. സെമ്മൊഴി സാഹിത്യ പുരസ്‌കാരം എന്ന് പേരിട്ടിരിക്കുന്ന അവാർഡിന് അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനമായി ലഭിക്കുക.


ഡിസംബർ 18-ന് ഡൽഹിയിൽ നടക്കേണ്ടിയിരുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം അവസാന നിമിഷം സാംസ്‌കാരിക മന്ത്രാലയം ഇടപെട്ട് തടയുകയായിരുന്നു. അക്കാദമി എക്‌സിക്യൂട്ടീവ് യോഗം അംഗീകരിച്ച പട്ടിക പുറത്തുവിടുന്നതിനാണ് കേന്ദ്രം തടയിട്ടത്. ആദ്യമായാണ് ഒരു സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമിയുടെ തീരുമാനത്തിൽ സർക്കാർ ഇത്തരത്തിൽ നേരിട്ട് ഇടപെടുന്നത്. സമിതി തിരഞ്ഞെടുത്ത എഴുത്തുകാർക്ക് അവാർഡ് നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകാത്ത സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഈ നിർണ്ണായക നീക്കം. മലയാളം, തമിഴ്, മറാത്തി, ഒഡിയ, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ എട്ട് ഭാഷകളിലെ മികച്ച സൃഷ്ടികൾക്കാണ് പുരസ്‌കാരം നൽകുക. 5 ലക്ഷം രൂപയും പ്രത്യേക ഫലകവും അടങ്ങുന്നതാകും പുരസ്‌കാരം.

Previous Post Next Post