ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി സമര്‍പ്പിച്ച അഖില തന്ത്രി പ്രചാരക് സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക പോലും ചെയ്യാതെയാണോ ഹര്‍ജി നല്‍കിയിട്ടുള്ളതെന്ന് കോടതി ചോദിച്ചു. എസ്‌ഐടിക്ക് മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രതികളായവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണോയെന്നും കോടതി ചോദിച്ചു.
ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 10 ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിനാണ്?. ഈ സമയത്ത് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതിന് ഒരു കാരണവും കാണാനാകുന്നില്ല. പ്രതികള്‍ നിരപരാധികളാണെന്നാണോ വാദമെന്നും ഹൈക്കോടതി ചോദിച്ചു.
ദ്വാരപാലകശില്‍പ്പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞിട്ടില്ല, സ്വര്‍ണം പൂശിയതാണ് എന്നാണോ പറയുന്നതെന്നും കോടതി ആരാഞ്ഞു. എസ്‌ഐടി അന്വേഷണം ഫലപ്രദമല്ലെന്നും, അന്വേഷണ സംഘത്തിന് മേല്‍ രാഷ്ട്രീയ സ്വാധീനമുള്ളതായും ഹര്‍ജിക്കാര്‍ പറയുന്നു. നാല് മാസമായിട്ടും മോഷ്ടിച്ച സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ അന്വേഷണത്തില്‍ കഴിഞ്ഞിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സമാനഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാനായി ഫെബ്രുവരി നാലിലേക്ക് ഹര്‍ജി മാറ്റിവെച്ചു.
വാസു വീണ്ടും റിമാന്‍ഡില്‍
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.