തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രിയും ഇടത് എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. മുൻ മന്ത്രിയുൾപ്പെടെ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതിയായ കോടതി ജീവനക്കാരനായിരുന്ന ജോസ്, രണ്ടാം പ്രതി ആന്റണി രാജു എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് നിർമിക്കൽ, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളിൽ പ്രതികൾ ശിക്ഷയ്ക്ക് അർഹരാണെന്നാണ് കോടതി കണ്ടെത്തിയത്.
കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. 1994 ൽ രജിസ്റ്റർ ചെയ്ത കേസിൽ പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹർജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂർത്തിയാക്കിയത്.
1990 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊണ്ടി മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു.
കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയിൽ ഉൾപ്പെടെ ഹർജി നൽകിയിരുന്നു. ഇതാണ് വിചാരണ വൈകാൻ ഇടയാക്കിയത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസിൽ 29 സാക്ഷികളാണ് ഉണ്ടായിരുന്നത്. പത്തൊൻപത് പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും സാക്ഷിപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
